'ആളുകൾ ദൈവത്തോടും പ്രവാചകനോടും സ്നേഹം പ്രകടിപ്പിക്കുന്നതിന് എന്താണ് കുഴപ്പം?'; 'ഐ ലൗ മുഹമ്മദ്' ക്യാമ്പയിൻ വിവാദത്തിൽ കോൺഗ്രസ്
'ഒരു വ്യക്തി തന്റെ പ്രവാചകനെ സ്നേഹിക്കുന്നുവെങ്കിൽ, നിങ്ങൾ ആ വ്യക്തിയെ സ്നേഹിക്കണം'- ഖേഡ വ്യക്തമാക്കി.
Photo| Special Arrangement
ലഖ്നൗ: യുപിയിലെ ഐ ലവ് മുഹമ്മദ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് സർക്കാരും പൊലീസും നടപടി കടുപ്പിച്ചിരിക്കെ നിലപാട് വ്യക്തമാക്കി കോൺഗ്രസ്. ആളുകൾ അവരുടെ ദൈവത്തോടും പ്രവാചകനോടും സ്നേഹം പ്രകടിപ്പിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് കോൺഗ്രസ് മീഡിയ, പബ്ലിസിറ്റി വകുപ്പ് മേധാവി പവൻ ഖേഡ ചോദിച്ചു. മീരാബായിയുടെയും സൂഫിസത്തിന്റെയും പാരമ്പര്യം നിലനിൽക്കുന്ന രാജ്യത്ത്, ഏഴ് വയസുള്ള ഒരു ആൺകുട്ടിയിൽ നമ്മുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ ശത്രുവിനെ കാണുന്ന കുള്ളന്മാരുണ്ടെന്ന് പവൻ ഖേഡ പറഞ്ഞു.
'മുസ്‌ലിംകളെ പുറത്താക്കണമെന്നാണ് ഇൻഡോറിലെ ഒരു മാർക്കറ്റിൽ നിങ്ങൾ പറയുന്നത്. നമ്മുടെ സംസ്കാരം വളരെ വിശാലമാണ്, ഈ തൊഴിലാളിവർഗ മുസ്‌ലിംകളെ നിങ്ങൾ ഒരു അപകടമായി കാണുന്നു. ആരെങ്കിലും ഞാൻ മുഹമ്മദിനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ, നിങ്ങൾക്ക് അതൊരു പ്രശ്നമാണ്. ആ വ്യക്തി തന്റെ പ്രവാചകനെ സ്നേഹിക്കുന്നുവെങ്കിൽ, നിങ്ങൾ ആ വ്യക്തിയെ സ്നേഹിക്കണം'- ഖേഡ വ്യക്തമാക്കി.
'ആളുകൾ അവരുടെ ദൈവത്തെയും പ്രവാചകനേയും സ്നേഹിക്കും, അവർ അങ്ങനെ ചെയ്യണം. അതിലെന്താണ് പ്രശ്നം?. എന്റെ സംസ്കാരത്തെയും രാജ്യത്തെയും അപകടകാരികളായ കുള്ളന്മാരുടെ കൈകളിൽ ഏൽപ്പിക്കാൻ എനിക്കാവില്ല. ഞാൻ മുഹമ്മദിനെ സ്നേഹിക്കുന്നു, മഹാദേവനെ സ്നേഹിക്കുന്നു, യേശുക്രിസ്തുവിനെ സ്നേഹിക്കുന്നു, ഗുരുനാനാകിനെ സ്നേഹിക്കുന്നു, ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു'- അദ്ദേഹം കൂട്ടിച്ചേർത്തു.
'ഐ ലൗ മുഹമ്മദ്' ക്യാമ്പയിനുമായി ബന്ധപ്പെട്ട് ബാരാബങ്കി, മൗ, മുസഫർനഗർ അടക്കം യുപിയുടെ വിവിധ ജില്ലകളിൽ സംഘർഷമുണ്ടായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷം സംഘടിപ്പിച്ച 'ഐ ലൗ മുഹമ്മദ്' ക്യാമ്പയിനുമായി ബന്ധപ്പെട്ട് ബറേലിയിലുണ്ടായ സംഘർഷത്തിനു പിന്നാലെയായിരുന്നു ഇത്. തുടർന്ന് നിരവധി പേരെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയും അർധരാത്രി പൊലീസ് മുസ്‌ലിം വീടുകളിൽ റെയ്ഡ് നടത്തുകയും ചെയ്തു.
സംഘർഷത്തിൽ പണ്ഡിതനും ഇത്തിഹാദെ മില്ലത്ത് കൗൺസിൽ അധ്യക്ഷനുമായ തൗഖീർ റാസയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. ബറേലി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയ്ക്കൊടുവിലാണ് തൗഖീർ റാസയെ അറസ്റ്റ് ചെയ്തത്. 150- 200 മുസ്‌ലിംകളെ പ്രതിചേർത്താണ് എഫ്‌ഐആർ തയാറാക്കിയത്.
സെപ്തംബർ നാലിന് സയ്യിദ് നഗറിൽ നബിദിനത്തിന്റെ ഭാഗമായി ഒരു ഫ്ലക്‌സ് സ്ഥാപിച്ചതിന് പിന്നാലെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്ന് അഭിഭാഷകനായ മുഹമ്മദ് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. 'ഐ ലൗ മുഹമ്മദ്' എന്ന് എഴുതിയ ബോർഡ് സ്ഥാപിച്ചതിന് പിന്നാലെ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് പുതിയ രീതിയാണെന്നും ഇവിടെ അനുവദിക്കില്ലെന്നും പറഞ്ഞ് മോഹിത് ബാജ്പയി എന്നയാളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
തുടർന്ന്, സെപ്തംബർ 16ന് ഉത്തർപ്രദേശിലെ കാൺപൂരിൽ സ്ഥാപിച്ച 'ഐ ലൗ മുഹമ്മദ്' ബോർഡ് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ നശിപ്പിച്ചിരുന്നു. മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കി പരസ്യമായാണ് ബോർഡ് നശിപ്പിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ ബോർഡ് നശിപ്പിച്ചവർക്കെതിരെ കേസെടുക്കുന്നതിന് പകരം 12 മുസ്‌ലിം യുവാക്കൾക്കും തിരിച്ചറിയാനാവാത്ത 14-15 പേർക്കെതിരെയുമാണ് കേസെടുത്തത്. ഇതിനു പിന്നാലെയാണ് യുപിയിൽ ഐ ലൗ മുഹമ്മദ് ക്യാമ്പയിൻ ശക്തമായത്. എന്നാൽ ഇതിനെതിരെ നടപടി കടുപ്പിച്ചിരിക്കുകയാണ് യുപി ഭരണകൂടം.