ലോക്സഭയിൽ കേന്ദ്രത്തിനെതിരെ താൻ പ്രസംഗിച്ചാൽ ആദായനികുതി വകുപ്പ് ഭർത്താവിന് നോട്ടീസ് നൽകുന്നുവെന്ന് സുപ്രിയ സുളെ

കേന്ദ്രത്തിനെതിരെ പാർലമെന്റിൽ സംസാരിക്കു​​​​മ്പോഴെല്ലാം ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിക്കുന്നത് പതിവാണെന്നും എം.പി

Update: 2024-08-13 10:28 GMT

ഡൽഹി: ബജറ്റിനെ കുറിച്ച് താൻ പാർലമെന്റിൽ സംസാരിച്ചതിന് പിന്നാലെ ഭർത്താവിന് ആദായ നികുതിവകുപ്പ് നോട്ടീസ് നൽകിയതായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്.പി) എം.പി സുപ്രിയ സുളെ.

ഇതൊരു പതിവ് സംഭവമായിരിക്കുകയാണ്. മോദി സർക്കാരിനെതിരെ പാർലമെന്റിൽ സംസാരിക്കു​​​​മ്പോഴെല്ലാം ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിക്കും. അതിന് കൃത്യമായ മറുപടി നിരവധി തവണ നൽകി. എന്നാലും ഇത് ആവർത്തിക്കപ്പെടുകയാണെന്നും അവർ മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബജറ്റ് സമ്മേളനത്തിന് തൊട്ടുപിന്നാലെ ഞങ്ങൾക്ക് ആദായനികുതി വകുപ്പിൽ നിന്ന് ഒരു നോട്ടീസ് ലഭിച്ചു, അത് യാദൃശ്ചികമാണോ എന്ന് എനിക്കറിയില്ല, എന്നാൽ ഞാൻ പാർലമെൻ്റിൽ സംസാരിക്കുമ്പോഴെല്ലാം  ഭർത്താവിന് നോട്ടീസ് ലഭിക്കുന്നു​ണ്ടെന്ന് അവർ പറഞ്ഞു. 

Advertising
Advertising

ബജറ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെ വിമർ​ശിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവ് സദാനന്ദ് സുളെക്ക് വീണ്ടും ഇൻകം ടാക്സ് നോട്ടീസ് നൽകിയത്. ഞാൻ നിരവധി തവണ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടും നോട്ടീസ് ലഭിച്ചതുകൊണ്ടാണ്  പറയേണ്ടിവന്നത്.

ആദായനികുതി വകുപ്പ്,സി.ബി.​ഐ, ഇ.ഡി എന്നീ ഏജൻസികളെ സർക്കാർ പ്രതിപക്ഷ എം.പിമാർക്കെതിരെ ഉപയോഗിക്കുകയാണ്. എന്റെയും സഹപ്രവർത്തകയുടെയും മൊബൈൽ ഫോണുകൾ കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെട്ടതിൽ ദുരൂഹതയുണ്ട്. മഹാരാഷ്ട്രയിലെ കുടുംബകോട്ടയായ ബാരാമതിയിൽ നിന്നാണ് ശരദ് പവാറിന്റെ മകൾ സുപ്രിയ ​ലോക്സഭയിലെത്തുന്നത്.



Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News