'ഹിമാചലിൽ കോൺഗ്രസിന്റെ പ്രഭയായി പ്രതിഭ'; ആരാണ് പ്രതിഭാ സിങ്?

ജെ.പി നദ്ദയും അനുരാഗ് താക്കൂറും സംസ്ഥാനത്ത് തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും ബി.ജെ.പിയെ മലർത്തിയടിക്കാൻ കോൺഗ്രസിനായത് പ്രതിഭാ സിങ് നടത്തിയ പ്രവർത്തനങ്ങളുടെ മികവിലാണ്.

Update: 2022-12-08 15:43 GMT
Advertising

ഷിംല: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് വലിയ ആത്മവിശ്വാസം പകരുന്ന വിജയമാണ് ഹിമാചൽ പ്രദേശിൽ ഉണ്ടായിരിക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ ജൻമനാടായ ഹിമാചലിൽ ഭരണം പിടിക്കാനായത് തിരിച്ചുവരവിന്റെ സൂചനയായാണ് പല കോൺഗ്രസ് നേതാക്കളും വിശേഷിപ്പിക്കുന്നത്. ഈ വിജയം കോൺഗ്രസ് നേടിയത് പ്രതിഭാ സിങ് എന്ന ഒരു വനിതയുടെ നേതൃത്വത്തിലാണ്. ഹിമാചലിന്റെ അടുത്ത മുഖ്യമന്ത്രിയും ഇവരാകുമെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസ് നേതാവും മുൻ ഹിമാചൽ മുഖ്യമന്ത്രിയും ആയിരുന്ന വീരഭദ്ര സിങ്ങിന്റെ ഭാര്യയാണ് പ്രതിഭാ സിങ്. ആറു തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിട്ടുള്ള നേതാവാണ് വീരഭദ്ര സിങ്. തന്റെ ഭർത്താവായിരുന്ന വീരഭദ്ര സിങ്ങിന്റെ ഓർമകൾക്ക് കൂടിയാണ് ഹിമാചൽ പ്രദേശിലെ ജനങ്ങൾ വോട്ട് ചെയ്തതെന്നായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതിഭാ സിങ്ങിന്റെ പ്രതികരണം.

പ്രതിഭാ സിങ് നിലവിൽ മാണ്ഡി പാർലമെന്റ് മണ്ഡലത്തിൽനിന്നുള്ള എം.പിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് പ്രതിഭാ സിങ് ആയിരുന്നു. ജെ.പി നദ്ദയും അനുരാഗ് താക്കൂറും സംസ്ഥാനത്ത് തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും ബി.ജെ.പിയെ മലർത്തിയടിക്കാൻ കോൺഗ്രസിനായത് പ്രതിഭാ സിങ് നടത്തിയ പ്രവർത്തനങ്ങളുടെ മികവിലാണ്.

മുൻ നാട്ടുരാജ്യമായ ബുഷ്ഹറിലെ രാജകുടുംബത്തിലെ അംഗമാണ് പ്രതിഭാ സിങ്. അവരുടെ ഭർത്താവ് വീരഭദ്ര സിങ് മലയോര സംസ്ഥാനത്തിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു. 1947 മുതൽ 1971 വരെ ബുഷഹറിന്റെ 122-ാമത്തെ രാജാവെന്ന പദവിയുണ്ടായിരുന്നു. ഭരണഘടനയുടെ 26-ാം ഭേദഗതിയിലൂടെ 1971ൽ രാജകുമാരന്മാരുടെ പ്രിവി പേഴ്സ് പെൻഷൻ നിർത്തലാക്കുകയും അവരുടെ പദവികളുടെ ഔദ്യോഗിക അംഗീകാരം അവസാനിക്കുകയും ചെയ്‌തെങ്കിലും പക്ഷേ അവർ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചില്ല. പ്രതിഭാ സിങ്ങിന്റെ ഭർത്താവായ വീരഭദ്ര സിങ്ങാണ് സംസ്ഥാനത്ത് കോൺഗ്രസിനെ നിയന്ത്രിച്ചിരുന്നത്. 66 വർഷം (1983-2017) അദ്ദേഹം പാർട്ടി അധ്യക്ഷനായിരുന്നു. വീരഭദ്ര സിങ്ങിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ വിധവയായ പ്രതിഭാ സിങ് പാർട്ടി നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച എം.പി രാം സ്വരൂപ് ശർമ്മയുടെ മരണത്തെത്തുടർന്ന് നടന്ന മാണ്ഡി ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാവ് ബ്രിഗേഡിയർ ഖുഷാൽ താക്കൂറിനെ പരാജയപ്പെടുത്തിയാണ് പ്രതിഭാ സിങ് തന്റെ രാഷ്ട്രീയ ശക്തി തെളിയിച്ചത്. ബി.ജെ.പിക്ക് അനുകൂലമായ തരംഗം ഉണ്ടായിരുന്നിട്ടും പ്രതിഭാ സിങ് കാവിപ്പാർട്ടിയുടെ സ്ഥാനാർത്ഥിയെ മറികടന്ന് ഒരു രാഷ്ട്രീയക്കാരി എന്ന നിലയിൽ തന്റെ മിടുക്ക് കാട്ടിയിരുന്നു. ഇപ്പോൾ സംസ്ഥാന ഭരണം തന്നെ പിടിച്ചെടുത്തതിലൂടെ അവർ ഒരിക്കൽ കൂടി താൻ ശക്തയായ രാഷ്ട്രീയക്കാരിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഹിമാചലിന്റെ അടുത്ത മുഖ്യമന്ത്രി പ്രതിഭാ സിങ് തന്നെയായിരിക്കും എന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News