ബുദ്ധദേബ് ഭട്ടാചാര്യ; ബംഗാൾ സി.പി.എമ്മിന്റെ വളർച്ചയും തളർച്ചയും കണ്ട നേതാവ്

മുഖ്യമന്ത്രി ആയിരിക്കുമ്പോഴും ഔദ്യോഗിക വസതി ഉപയോഗിക്കാതെ , രണ്ടു മുറി ഫ്ലാറ്റിൽ കഴിഞ്ഞ ബുദ്ധദേബ് ലാളിത്യം ജീവിത രീതിയാക്കിയ നേതാവായിരുന്നു

Update: 2024-08-08 08:02 GMT

ഡൽഹി: ബംഗാളിൽ സി.പി.എം റെക്കോഡ് വിജയത്തിലേക്ക് ഉയരുകയും ചരിത്രപരമായ തോൽവി നേരിടുകയും ചെയ്തത് ബുദ്ധദേബ് ഭട്ടാചാര്യയുടെ കാലത്താണ്.എൺപതാം വയസിൽ വിടവാങ്ങുമ്പോൾ വംഗനാട്ടിന്റെ മുഖംമാറ്റിയ നേതാവാണ് വിടവാങ്ങുന്നത്.

വ്യവസായ വത്ക്കരണത്തിനുള്ള ബുദ്ധദേബിന്റെ ശ്രമങ്ങളാണ് ഇടതുപക്ഷത്തിന്റെ അടിത്തറിയിളക്കിയത്. തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താകുന്നതും. കനത്ത തിരിച്ചടികൾക്കിടയിലും വ്യക്തിപരമായ വിശ്വാസ്യതയാണ് ബുദ്ധദേബിനെ പാർട്ടിക്കുള്ളിൽ പിടിച്ചു നിർത്തിയത്..

ഒന്നാം യുപിഎ സർക്കാരിന്റെ വിജയശില്പികളിൽ അധികം ചർച്ച ചെയ്യപ്പെടാത്ത പേരാണ് ബുദ്ധദേബ് ഭട്ടാചാര്യ. കോൺഗ്രസിനെ താങ്ങി നിർത്തിയിരുന്ന 61 ഇടതുപക്ഷക്കാരിൽ 26 സിപിഎം അംഗങ്ങളും ബുദ്ധദേബ് മുഖ്യമന്ത്രിയായിരുന്ന ബംഗാളിന്റെ സംഭാവനയായിരുന്നു .

Advertising
Advertising

1977 ൽ ആദ്യമായി മന്ത്രിയും 1996 ൽ ആഭ്യന്തര മന്ത്രിയുമായി. ജ്യോതി ബസുവെന്ന അതികായൻ സ്ഥാനമൊഴിഞ്ഞ ശേഷം മുഖ്യമന്ത്രിയായി ചുമതലയേറ്റ ബുദ്ധദേബ് , നിയമസഭയിൽ സി.പി.എം എം.എൽ.എ മാരുടെ എണ്ണം 33 ആയി ഉയർത്തിയാണ് ഞെട്ടിപ്പിച്ചത്. കാർഷികമേഖലക്ക് കുത്തകയുള്ള മണ്ണിനെ വ്യവസായവൽക്കരണത്തിലേക്ക്  കൈപിടിച്ചതോടെയാണ് ബംഗാളിൽ പാർട്ടിക്ക് അടിതെറ്റി തുടങ്ങിയത്.

സ്വകാര്യ കമ്പനികളെ ബംഗാളിൽ എത്തിച്ചു , വികസന മുരടിപ്പും തൊഴിലില്ലായ്‌മയും ഇല്ലാതാക്കാനാണ് ശ്രമിച്ചെങ്കിലും കർഷക രോഷം തിരിച്ചടിച്ചു. നന്ദിഗ്രാമിലും സിംഗൂരിലും മമത ബാനർജി നേതൃത്വം നൽകിയ സമരം 34 വർഷം നീണ്ട ഇടതുഭരണത്തിനു അറുതി വരുത്തി. പിബി അംഗമായിരുന്ന ബുദ്ധദേവ് 2015 ഇൽ പാർട്ടി പദവികൾ ഒഴിഞ്ഞു

മുഖ്യമന്ത്രി ആയിരിക്കുമ്പോഴും ഔദ്യോഗിക വസതി ഉപയോഗിക്കാതെ , രണ്ടു മുറി ഫ്ലാറ്റിൽ കഴിഞ്ഞ ബുദ്ധദേബ് ലാളിത്യം ജീവിത രീതിയാക്കിയ നേതാവായിരുന്നു. 11 വർഷത്തിന് ശേഷം മുഖ്യമന്ത്രി പദവി ഒഴിയുമ്പോൾ അയ്യായിരം രൂപ മാത്രമായിരുന്നു ബാങ്ക് ബാലൻസ്. എഴുത്തുകാരനും കവിയും ചലച്ചിത്ര പ്രേമിയുമായിരുന്ന ബുദ്ധദേവ് വിടവാങ്ങുന്നതോടെ ഒരു കാലഘട്ടത്തിനു കൂടിയാണ് തിരശീല വീഴുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമാണ് ബുദ്ധദേബിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. 2000 മുതൽ 2011 വരെ 11 വർഷം ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. ജ്യോതിബസുവിന്റെ പിൻഗാമിയായിട്ടാണ് മുഖ്യമന്ത്രിയായത്.

1944 മാർച്ച് 1 ന് വടക്കൻ കൊൽക്കത്തയിലാണ് ബുദ്ധദേബ് ജനിച്ചത്. 1966 ലാണ് സി.പിഎമ്മിൽ അംഗത്വമെടുക്കുന്നത്. 1968 ൽ ഡമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയായി.1971 ൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായും. 82 ൽ സംസ്ഥാന സെക്രട്ടറി​യേറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1984 കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി. 85 ൽ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2000 ൽ പോളിറ്റ് ബ്യൂറോ അംഗമായി. 1977 ൽ സംസ്ഥാന ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് മന്ത്രിയായി. 1966 ൽ സംസ്ഥാന ആഭ്യന്തരമുഖ്യമന്ത്രിയായി. 1999 ൽ ഉപ മുഖ്യമന്ത്രിയായി. 2000 മുതൽ 2011 വരെ മുഖ്യമന്ത്രിപദം അലങ്കരിച്ചു. ഭാര്യ മീര. മകൾ സുചേതന.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News