രണ്ട് മണിക്കൂറിനുള്ളിൽ മൂന്ന് വസ്ത്രങ്ങൾ ധരിച്ച് വിവാദം ; ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി; ആരായിരുന്നു ശിവരാജ് പാട്ടീൽ ?
മുംബൈ ഭീകരാക്രമണത്തിന് പിന്നാലെയാണ് ശിവരാജ് പാട്ടീൽ രാജിവെച്ചത്
ന്യുഡൽഹി: ' നിങ്ങൾ എന്റെ നയങ്ങളെ വിമർശിക്കൂ, ധരിച്ച വസ്ത്രങ്ങളെയല്ല' മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടീലിന്റെ വാക്കുകളാണിത്. ധരിച്ച വസ്ത്രത്തിന്റെ പേരിൽ ഏറെ പഴി കേട്ട ഒരു രാഷ്ട്രീയ നേതാവാണ് അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ. ഒന്നാം യുപിഎ സർക്കാറിന്റെ ആദ്യ നാല് വർഷം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു ശിവരാജ് പാട്ടീൽ. ഡൽഹിയിൽ തുടർ സ്‌ഫോടനങ്ങൾ ഉണ്ടായി 22 പേർക്ക് ജീവൻ നഷ്ടപ്പെട്ട 2008 സെപ്റ്റംബർ 13 ന് വൈകീട്ട് ആറരയ്ക്കും എട്ടരയ്ക്കും ഇടയിൽ മൂന്ന് വസ്ത്രങ്ങൾ ധരിച്ചാണ് ശിവരാജ് പാട്ടീൽ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്.
രാജ്യത്ത് വലിയ സുരക്ഷ വീഴ്ച ഉണ്ടായി സ്‌ഫോടനങ്ങൾ നടക്കുമ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രി വസ്ത്രങ്ങൾ മാറുന്ന തിരക്കിലാണെന്ന് വലിയ വിമർശനം ഉയർന്നു. ഈ വിമർശനങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയാണ് ശിവരാജ് പാട്ടീൽ ' നിങ്ങൾ എന്റെ നയങ്ങളെ വിമർശിക്കൂ, ധരിച്ച വസ്ത്രങ്ങളെയല്ല' എന്ന് പറഞ്ഞ് രംഗത്തുവന്നത്. പാർട്ടി നേതാക്കളിൽ നിന്നും സഖ്യ നേതാക്കളിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്. സുരക്ഷ വീഴ്ചയുടെ പേരിൽ പ്രതിരോധത്തിൽ നിൽക്കുന്നതിനിടെയാണ് മുംബൈയിൽ ഭീകരാക്രമണം ഉണ്ടാവുന്നത്. മുംബൈ ഭീകരാക്രമത്തിന് പിന്നാലെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ശിവരാജ് പാട്ടീൽ രാജിവെക്കുകയായിരുന്നു.
ഇന്ദിരാഗാന്ധിയായും രാജീവ് ഗാന്ധിയായും വലിയ അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു ശിവരാജ് പാട്ടിൽ. മാന്യമായ പെരുമാറ്റവും പരന്ന വായനയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. വിവിധ ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന ശിവരാജ് പാട്ടീൽ വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിലും മികവ് തെളിയിച്ചിരുന്നു. ലാത്തൂർ മുൻസിപ്പൽ കൗൺസിൽ ചീഫ് ആയാണ് ശിവരാജ് പാട്ടീൽ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. ലാത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് ഏഴ് തവണ തെരഞ്ഞെടുക്കപ്പെട്ടു. 1991-96 കാലത്ത് ലോക്‌സഭ സ്പീക്കറായിരുന്നു. 2010-2015 കാലത്ത് പഞ്ചാബ് ഗവർണറായും ചണ്ഡീഗഢ് അഡ്മിനിസ്‌ട്രേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.