ഗുവാഹത്തി: കോൺഗ്രസിൽ ചേർന്ന് മൂന്നാം ദിവസം തന്നെ രാജിവെച്ചിരിക്കുകയാണ് മുൻ ആൾ അസം മൈനിരോറ്റി സ്റ്റുഡന്റ് യൂണിയൻ(എ.എ.എം.എസ്.യു) പ്രസിഡന്റ് രെജാവുൾ കരിം സർക്കാർ. പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് മൂന്നാം ദിനം തന്നെ മുന്‍ ന്യൂനപക്ഷ വിദ്യാര്‍ഥി നേതാവിന്റെ രാജിയിലേക്ക് നയിച്ചത്.
എ.എ.എം.എസ്.യു പ്രസിഡന്റ് സ്ഥാനം രാജിവെച്ചാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നത്. വൻ ആവേശത്തോടെ കോൺഗ്രസ് പാർട്ടിയിലേക്ക് വന്ന കരീം സർക്കാറിന്റെ രാജി കോൺഗ്രസ് നേതൃത്വത്തെയും പ്രതിസന്ധിയിലാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ ബിജെപി ഏജന്റുമാരെപ്പോലെയാണ് പെരുമാറുന്നതെന്നാണ് തന്റെ രാജിക്കത്തില്‍ കരിം സര്‍ക്കാര്‍ ആരോപിച്ചത്.
എന്താണ് കരീം സര്‍ക്കാറിന്റെ രാജിയിലേക്ക് നയിച്ച വിവാദം
കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അദ്ദേഹം നടത്തിയ പ്രസംഗമാണ് കോൺഗ്രസിനുള്ളിലും പുറത്തും അലയൊലികള്‍ സൃഷ്ടിച്ചത്. അസമിലെ ശിവസാഗര്‍ ജില്ലയെ ധുബ്രി ജില്ലയായും ധുബ്രിയെ ശിവസാഗറായും ബരാക് വാലിയെ ശിവസാഗറായും ടിൻസുകിയ ജില്ലയെ ധുബ്രിയാക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ഈ പ്രസ്താവനയാണ് സംസ്ഥാനത്ത് വിവാദത്തിന് തിരികൊളുത്തിയത്. ബംഗ്ലാദേശുമായുള്ള അതിർത്തിയോട് ചേർന്നുള്ള പടിഞ്ഞാറൻ അസമിലെ ബംഗാളി വംശജരായ മുസ്‌ലിം ഭൂരിപക്ഷ ജില്ലയാണ് ധുബ്രി. ശിവസാഗറും ടിൻസുകിയയും വ്യത്യസ്‌ത ആസാമീസ് സമുദായങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ജില്ലയും.
ഭരണകക്ഷിയായ ബിജെപിയാണ് പ്രസ്താവന ഏറ്റെടുത്തത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ ആദ്യ വെടിപൊട്ടിക്കുകയും ചെയ്തു. ബംഗാളി വംശജരായ പടിഞ്ഞാറൻ അസം ജില്ലകളിൽ നിന്നുള്ള ആളുകളെ കിഴക്കൻ അസമിലേക്ക് മാറ്റിപ്പാർപ്പിച്ച് ഈ ജില്ലകളെ 'മിയ ഭൂമിയാക്കി' മാറ്റാനുള്ള ഭീഷണിയാണ് പ്രസ്താവനയെന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മയുടെ ആരോപണം.
പ്രസംഗം പ്രദേശിക മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു. വീർ ലചിത് സേന പോലുള്ള അസമീസ് ദേശീയവാദ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. പിറ്റേന്ന് തന്നെ കരിം സർക്കാർ വിശദീകരണ വീഡിയോ പുറത്തിറക്കുകയും ചെയ്തു. എല്ലാവരെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുക എന്നാണ് പറഞ്ഞതെന്നും വരികൾക്കിടയിൽ നിന്നും വാക്കുകൾ അടർത്തിയെടുത്ത് വിവാദം സൃഷ്ടിക്കുകയാണെന്നും ഇതിൽ വീണുപോകരുതെന്നും അഭ്യർഥിച്ചു.
ധുബ്രിയിൽ നിന്നുള്ളവർ ശിവസാഗറിലും ശിവസാഗറിലെ ജനങ്ങൾ ദുബ്രിയിലും താമസിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പക്ഷേ വിശദീകരണമൊന്നും അദ്ദേഹത്തെ രക്ഷിച്ചില്ല.
ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ബിഹാര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഗൗരവ് ഗൊഗോയി ഉപദേശിക്കുകയും ചെയ്തു. ഗൊഗോയിയുടെ പ്രസ്താവനയ്ക്ക് ശേഷവും കോണ്‍ഗ്രസില്‍ കരിമിനെതിരെ വിമര്‍ശമുയര്‍ന്നു. ബിജെപിയുടെ ഏജന്റ് എന്നായിരുന്നു കരിം സര്‍ക്കാറിനെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈക വിശേഷിപ്പിച്ചത്. ശിവസാഗര്‍ ജില്ലയിലെ നസിര നിയോജക മണ്ഡലത്തെയാണ് പ്രതിപക്ഷ നേതാവ് പ്രതിനിധീകരിക്കുന്നത്.
ശിവസാഗറും, ദുബ്രിയും ഇപ്പോള്‍ എങ്ങനെയാണോ എപ്പോഴും അങ്ങനെതന്നെയായിരിക്കും അത് ആര്‍ക്കും മാറ്റാനാവില്ലെന്നും രണ്ട് സ്ഥലങ്ങൾക്കും അതിന്റെതായ ചരിത്രപ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാഗൻ കോണ്‍ഗ്രസ് എംപി പ്രദ്യുത് വർദലോയ് യും സര്‍ക്കാരിനെ രംഗത്ത് എത്തി. ചെറുതും വലുതുമായ വിമര്‍ശനങ്ങള്‍ പിന്നെയും ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ രാജിവെക്കുന്നത്.