ന്യൂഡൽഹി: ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളിൽ വൻ വർധനവെന്ന് ഇന്ത്യ ഹേറ്റ് ലാബ് (ഐഎച്ച്എൽ) റിപ്പോർട്ട്. മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ട് രാജ്യത്തൊടുനീളം 2025 ൽ 1318 വിദ്വേഷപ്രസംഗങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ദിവസേന ശരാശരി നാല് വിദ്വേഷ പ്രസംഗങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിദ്വേഷപ്രസംഗങ്ങളുടെ എണ്ണത്തിൽ 13 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ആകെ റിപ്പോർട്ട് ചെയ്ത വിദ്വേഷ പ്രസംഗങ്ങളിൽ 98 ശതമാനവും മുസ്‌ലിം വിഭാഗത്തെ നേരിട്ടോ ക്രിസ്ത്യൻ വിഭാഗത്തോടൊപ്പം മുസ്‌ലിം വിഭാഗത്തേയും ലക്ഷ്യമിട്ടുള്ളവ ആയിരുന്നു. മുസ്‌ലിം വിഭാഗത്തെ ലക്ഷ്യമിട്ട് 1289 വിദ്വേഷപ്രസംഗങ്ങളാണ് കഴിഞ്ഞ വർഷം ഉണ്ടായിട്ടുള്ളത്. ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളിലും കഴിഞ്ഞ വർഷം വലിയ വർധനവുണ്ടായിട്ടുണ്ട്. ക്രൈസ്തവ വിഭാഗത്തിനെതിരെയുള്ള വിദ്വേഷപ്രസംഗങ്ങളിൽ 41 ശതമാനത്തിന്റെ വർധനവാണ് 2025 ൽ ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. 162 പ്രസംഗങ്ങൾ ക്രൈസ്തവ ന്യൂനപക്ഷത്തെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു. റിപ്പോർട്ട് അനുസരിച്ച്, ആകെ നടന്ന വിദ്വേഷ പ്രസംഗങ്ങളിൽ 88 ശതമാനവും (1,164 എണ്ണം) ബിജെപിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. പ്രതിപക്ഷം ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിൽ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ 34 ശതമാനം കുറവുണ്ടായതായും റിപ്പോർട്ട് പറയുന്നുണ്ട്.
ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗങ്ങൾ നടന്ന സംസ്ഥാനങ്ങൾ
- ഉത്തർപ്രദേശ്: 266 (ആകെ പ്രസംഗങ്ങളുടെ 20%)
- മഹാരാഷ്ട്ര: 193
- മധ്യപ്രദേശ്: 172
- ഉത്തരാഖണ്ഡ്: 155
- ഡൽഹി: 76
പ്രസംഗങ്ങളിലെ പ്രധാന പ്രമേയങ്ങൾ
വിദ്വേഷ പ്രസംഗങ്ങളിൽ പകുതിയോളം വിവിധ തരം 'ജിഹാദ്' അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 'ലവ് ജിഹാദ്', 'ലാൻഡ് ജിഹാദ്', 'പോപ്പുലേഷൻ ജിഹാദ്', 'തുപ്പൽ ജിഹാദ്' തുടങ്ങിയ പ്രയോഗങ്ങൾ ന്യൂനപക്ഷങ്ങളെ അപകടകാരികളായി ചിത്രീകരിക്കാൻ വ്യാപകമായി ഉപയോഗിച്ചു. കൂടാതെ, റോഹിങ്ക്യൻ അഭയാർത്ഥികളെ ലക്ഷ്യം വെച്ചുള്ള പ്രസംഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിദ്വേഷ പ്രസംഗകരുടെ പട്ടികയിൽ മുഖ്യമന്ത്രിയും
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ വ്യക്തിയെന്ന് റിപ്പോർട്ട്. ഡൽഹി, ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
പേര്- സ്ഥാനം വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണം
- പുഷ്‌കർ സിംഗ് ദാമി - ഉത്തരാഖണ്ഡ് മുഖ്യമന്ത്രി -71
- .പ്രവീൺ തൊഗാഡിയ- അന്താരാഷ്ട്രീയ ഹിന്ദു പരിഷദ് തലവൻ- 46
- അശ്വനി ഉപാധ്യായ- ബിജെപി നേതാവ്/ വക്കീൽ- 35
- നിതീഷ് റാണെ- മഹാരാഷ്ട്ര മന്ത്രി- 28
- ടി. രാജാ സിംഗ്- തെലങ്കാനയിൽ നിന്നുള്ള മുൻ ബിജെപി എംഎൽഎ- 27
- അമിത് ഷാ- കേന്ദ്ര ആഭ്യന്തരമന്ത്രി - 27
- മനോജ്കുമാർ -രാഷ്ട്രീയ ബജറംഗ് ദൾ പ്രസിഡന്റ്- 26
- കാജൽ ഹിന്ദുസ്ഥാനി- വലതുപക്ഷ ഇൻഫ്‌ലുവൻസർ- 23
- യോഗി ആദിത്യനാഥ്- ഉത്തർപ്രദേശ് മുഖ്യമന്ത്രി- 22
- യതി നരസിംഗ് ആനന്ദ് സരസ്വതി- ദസ്‌ന ദേവി ക്ഷേത്രം തലവൻ- 20
സമൂഹമാധ്യമങ്ങളുടെ പങ്ക്
റിപ്പോർട്ട് ചെയ്യപ്പെട്ട 1,318 വിദ്വേഷ പ്രസംഗങ്ങളിൽ 1,278 എണ്ണവും സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്യം പ്രചരിപ്പിക്കപ്പെടുന്നത്. ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വിദ്വേഷ പ്രചാരണത്തിന് വലിയ രീതിയിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. മുൻ കാലങ്ങളിൽ തെരഞ്ഞെടുപ്പ് കാലങ്ങളിലാണ് ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ദൈനംദിന രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നും സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റിന്റെ ഭാഗമായ ഇന്ത്യ ഹേറ്റ് ലാബ് നിരീക്ഷിക്കുന്നു.