Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: 30 ദിവസം തടവിലായാല്‍ മന്ത്രി സ്ഥാനം നഷ്ടമാകുന്ന ഭരണഘടനാ ഭേദഗതി ബില്ല് ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കുന്നു. ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരായ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്ന് രണ്ട് തവണ പിരിഞ്ഞിരുന്നു.
എന്നാല്‍ ശശി തരൂര്‍ ബില്ലിനെ എതിര്‍ത്തില്ല. ജെ പി സി ചര്‍ച്ച ചെയ്യട്ടെ എന്നായിരുന്നു തരൂരിന്റെ പ്രതികരണം. ബില്ലിനെതിരെ സഭയില്‍ വ്യാപക പ്രതിഷേധം.
സംസ്ഥാന സര്‍ക്കാരുകളെ ഇല്ലാതാക്കാനുള്ള നീക്കം എന്ന് ഉവൈസി. ബില്ല് പാര്‍ലമെന്ററി ചട്ടങ്ങള്‍ക്ക് വിരുദ്ധം എന്ന് കോണ്‍ഗ്രസ്. ബില്ല് രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണഘടന വിരുദ്ധവും നിയമവാഴ്ചയ്ക്ക് എതിരാണെന്നും ബില്ലിന് എതിര്‍ത്ത് എന്‍.കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ബില്ല് കീറി എറിഞ്ഞ് തൃണമൂല്‍ അംഗങ്ങള്‍ സഭയില്‍ പ്രതിഷേധിച്ചു.
അഞ്ച് വര്‍ഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
130ാം ഭരണഘടന ഭേദഗതിയാണ് കൊണ്ടുവരുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമായിരിക്കും. തുടര്‍ച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാണ് ബില്ലില്‍ പറയുന്നത്.