സജീവ രാഷ്ട്രീയത്തിൽ ഭാര്യക്ക് താൽപ്പര്യമില്ല: അരവിന്ദ് കെജ്‌രിവാൾ

മുഖ്യമന്ത്രിയെന്ന നിലയിൽ തന്റെ ജോലി തുടരാൻ ജയിലിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി കോടതിയെ സമീപിക്കും

Update: 2024-05-22 14:29 GMT
Advertising

ന്യൂഡൽഹി: സജീവ രാഷ്ട്രീയത്തിൽ ഭാര്യ സുനിത കെജ്‌രിവാളിന് താൽപ്പര്യമില്ലെന്നും ഭാവിയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് കെജ്‌രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.

'എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സുനിത എന്നെ പിന്തുണച്ചിട്ടുണ്ട്. അവളെപ്പോലെ ഒരു പങ്കാളിയെ ലഭിച്ചത് എന്റെ ഭാഗ്യമാണ്. എന്നെപ്പോലെയൊരു ഒരു വ്യക്തിയെ സഹിക്കുക എളുപ്പമല്ല'- കെജ്‌രിവാൾ പറഞ്ഞു.

2000-ൽ ആദായനികുതി കമ്മീഷണർ ജോലിയിൽ നിന്ന് അവധിയെടുത്ത് ഡൽഹിയിലെ ചേരികളിൽ താൻ ജോലി ചെയ്തു. പിന്നീട് മുഴുവൻ സമയവും സാമൂഹിക പ്രവർത്തനങ്ങളിൽ മുഴുകാൻ ജോലിയിൽ നിന്ന് രാജിവെക്കുകയായിരുന്നു. അന്ന് താൻ മുഖ്യമന്ത്രിയാകുമെന്നോ പാർട്ടി രൂപീകരിക്കുമെന്നോ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നോ യാതൊരു ധാരണയുമില്ലായിരുന്നു. പത്ത് വർഷം ഓടി നടന്ന് ജോലി ചെയ്തു. ആ സമയത്തും സുനിത തന്നെ പിന്തുണച്ചെന്നും നിരവധി കാര്യങ്ങളിലൂടെ കടന്നുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മാർച്ച് 21ന് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. ആം ആദ്മി പാർട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ്  പ്രചാരണം നടത്തുന്നതിനായി മെയ് 10ന് അദ്ദേഹത്തിന് ഇടക്കാല ജാമ്യം നൽകുകയായിരുന്നു.

അറസ്റ്റിലായതിന് തൊട്ടുപിന്നാലെ, മുൻ ആദായനികുതി ഉദ്യോഗസ്ഥ കൂടിയായ സുനിത കെജ്‌രിവാൾ പാർട്ടിയുടെ രാഷ്ട്രീയ കേന്ദ്ര വേദിയിലെത്തി. ജയിലിൽ നിന്നുള്ള കെജ്‌രിവാളിന്റെ സന്ദേശം അവർ വായിക്കുകയും റോഡ് ഷോകൾ നടത്തുകയും റാലികളിൽ പ്രസംഗിക്കുകയും ചെയ്തു.

ഡൽഹി മുഖ്യമന്ത്രിയെന്ന നിലയിൽ തന്റെ ജോലി തുടരാൻ ജയിലിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യ ധീരയും ശക്തയുമായ സ്ത്രീയാണെന്നും തന്റെ രണ്ട് കുട്ടികളും ശക്തരും ധീരരുമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News