'ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരും'; കർണാടകയിലെ ബി.ജെ.പി എം.എൽ.സി എച്ച്. വിശ്വനാഥ്

ഓപ്പറേഷൻ ലോട്ടസിൽ വിമതനിരയിൽ മുമ്പിൽ നിന്നയാളാണ് വിശ്വനാഥ്

Update: 2023-01-28 10:24 GMT
Advertising

മൈസൂരു: ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരുമെന്ന് കർണാടകയിലെ ബി.ജെ.പി എം.എൽ.സിയും മുതിർന്ന നേതാവുമായ എച്ച്. വിശ്വനാഥ്. കർണാടക കോൺഗ്രസ് പ്രസിഡൻറ് ഡി.കെ. ശിവകുമാർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള രൺദീപ് സിംഗ് സുർജേവാല എന്നിവരോട് സംസാരിച്ച ശേഷമാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2019ൽ സഖ്യസർക്കാർ തകർന്നതിനെ തുടർന്ന് ബി.ജെ.പിയിൽ ചേർന്നയാളാണ് ജനതാദൾ എസിന്റെ മുൻ സംസ്ഥാന പ്രസിഡൻറായ ഇദ്ദേഹം.

തെരഞ്ഞെടുപ്പിന് മുമ്പേ ശേഷമോ കോൺഗ്രസിൽ ചേരുമെന്നാണ് അദ്ദേഹം പറയുന്നത്. പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയോട് തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും വിശ്വനാഥ് വ്യക്തമാക്കി. 'വ്യക്തിപരമായി ഞങ്ങൾ നല്ല ബന്ധം പുലർത്തുന്നവരാണ്. നിയമപഠനം ഒന്നിച്ച് നടത്തിയ ഞങ്ങൾ സുഹൃത്തുക്കളാണ്' അദ്ദേഹം പറഞ്ഞു.

'40 വർഷം ഞാൻ കോൺഗ്രസിനൊപ്പമായിരുന്നു. ഞാനൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല. കോൺഗ്രസിനെ ഞാനെന്റെ അമ്മയെ പോലെയാണ് എന്നും കണ്ടത്. വരുന്ന തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. എന്റെ കുട്ടികളും തെരഞ്ഞെടുപ്പിനിറങ്ങില്ല' വിശ്വനാഥ് വ്യക്തമാക്കി.

'ഒരു കുടുംബത്തിലെ അംഗങ്ങളുടെ പാർട്ടിയായ ജെ.ഡി.എസിനൊപ്പമായിരുന്നു ഞാൻ. സഖ്യസർക്കാറിന്റെ കാബിനറ്റിൽ മുൻമുഖ്യമന്ത്രി കുമാരസ്വാമിയുടെ കുടുംബത്തിലെ ഏഴംഗങ്ങളുണ്ടായിരുന്നു. പിന്നീട് അധികാരത്തിലെത്തിയ ബി.ജെ.പിയുടെ ഭരണം ഒട്ടും മികച്ചതായിരുന്നില്ല. നാളിതുവരെയായി സംസ്ഥാനത്ത് അഴിമതി തുടരുകയാണ് യെഡ്യൂരപ്പ' അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഇക്കാരണങ്ങളാൽ ഞാൻ കോൺഗ്രസിനെ പിന്തുണക്കുകയാണ്. ജനപക്ഷ സർക്കാറാണ് പ്രധാനം. കോൺഗ്രസിൽ ചേരുന്നതിനേക്കാൾ പ്രധാനം ഞാൻ പാർട്ടിയെ പിന്തുണക്കുന്നുതാണ്' വിശ്വനാഥ് ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ ലോട്ടസിൽ വിമതനിരയിൽ മുമ്പിൽ നിന്നയാളാണ് വിശ്വനാഥ്.

'Will leave BJP and join Congress'; Karnataka BJP MLC H. Vishwanath

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News