'കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണം'; നടിയുടെ മാനസികനില ശരിയല്ലെന്ന് ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ

കങ്കണക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാണ് ഡി.സി.ഡബ്ല്യു അധ്യക്ഷ സ്വാതി മാലിവാൾ രാഷ്ട്രപതിക്കയച്ച കത്തിൽ ആവശ്യപ്പെടുന്നത്

Update: 2021-11-14 13:04 GMT
Advertising

നടി കങ്കണ റണാവത്തിന്​ നൽകിയ പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ ​രാഷ്​ട്രപതിക്ക്​ കത്തെഴുതി. ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട്​ കങ്കണ നടത്തിയ വിവാദ പരാമർശത്തിന്​ പിന്നാലെയാണ് നടപടി. 

ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഭിക്ഷയായി വിശേഷിപ്പിച്ച കങ്കണക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാണ് ഡി.സി. ഡബ്ല്യു അധ്യക്ഷ സ്വാതി മാലിവാള്‍ കത്തില്‍ ആവശ്യപ്പെടുന്നത്. കങ്കണയുടെ മാനസിക നില തെറ്റാണെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. തനിക്ക് വിയോജിപ്പുള്ളവരെ മോശമായ ഭാഷയിൽ ആക്രമിക്കുന്ന കങ്കണ, സ്വന്തം രാജ്യത്തെ ജനങ്ങൾ​ക്കുനേരെ വിഷം ചീറ്റാറുണ്ടെന്നും കത്തില്‍ പറയുന്നു. 

മഹാത്മാ ഗാന്ധി, ഭഗത് സിങ്​ തുടങ്ങി നമ്മുടെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച എണ്ണമറ്റ മറ്റു സ്വാതന്ത്ര്യ സമര സേനാനികളോടുമുള്ള കങ്കണയുടെ വെറുപ്പാണ് പ്രസ്താവനയിൽ പ്രതിഫലിക്കുന്നതെന്നും സ്വാതി മാലിവാള്‍ കൂട്ടിച്ചേര്‍ത്തു. ഇത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.  

'1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യത്തിന് യഥാർഥത്തിൽ സ്വാതന്ത്ര്യം കിട്ടിയത് 2014ലാണ്' എന്നായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കവെയായിരുന്നു പരാമര്‍ശം. ഇതിനു പിന്നാലെ കങ്കണയുടെ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു.  

Withdraw Kangana Ranaut's Padma Shri, DCW chief Swati Maliwal writes to President

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News