എംപിക്കെതിരെ പീഡന പരാതി നല്‍കിയ യുവതി സുപ്രീംകോടതി പരിസരത്ത് ആത്മഹത്യക്ക് ശ്രമിച്ചു

ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്വദേശിനിയായ യുവതിയും സുഹൃത്തുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്

Update: 2021-08-17 03:32 GMT

യുവതിയും സുഹൃത്തും സുപ്രീംകോടതി പരിസരത്തു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ എംപി അതുല്‍ റായ് ബലാത്സംഗം ചെയ്തെന്ന് പരാതി നല്‍കിയ യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ 24കാരിയും സുഹൃത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും നില ഗുരുതരമായതിനാല്‍ മൊഴിയെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്വദേശിനിയായ യുവതി ബിഎസ്പി എംപി അതുല്‍ റായിക്കെതിരെ 2019ലാണ് പീഡന പരാതി നല്‍കിയത്. തുടര്‍ന്ന് അറസ്റ്റിലായ എംപി ജയിലിലാണ്. എംപിയുടെ വാരാണസിയിലെ അപ്പാർട്മെന്റിൽ വെച്ച് പീഡിപ്പിച്ചെന്നും വിഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. കേസ് പരിഗണിക്കുന്നത് അലഹബാദില്‍ നിന്നും ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ച് ഈ വര്‍ഷം മാര്‍ച്ചില്‍ യുവതി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് യുവതി കോടതിയെ അറിയിച്ചു. അതിനിടെ അതുൽ റായിയുടെ സഹോദരൻ നൽകിയ പരാതിയിൽ പെ‍ൺകുട്ടിക്കും സുഹൃത്തിനുമെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.

Advertising
Advertising

സുപ്രീംകോടതിക്ക് മുന്‍പിലെത്തി ആത്മഹത്യാശ്രമം നടത്തും മുന്‍പ് യുവതി ഫേസ് ബുക്ക് ലൈവിലെത്തി. എംപിയെ രക്ഷിക്കാൻ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ, യുപി പൊലീസിലെ മുൻ ഐജി, ഒരു ജഡ്ജി എന്നിവർ ശ്രമിക്കുന്നതായി യുവതിയും സുഹൃത്തും ആരോപിച്ചു. പിന്നാലെ സുപ്രീകോടതി പരിസരത്തെത്തി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി തീ അണച്ചു. ഇരുവരെയും റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി. എംപിയുടെ ആളുകള്‍ തന്നെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭയന്നാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News