മം​ഗളൂരുവിൽ പശുവിന് പുല്ലരിഞ്ഞ് മടങ്ങിയ യുവതി അണക്കട്ടിൽ വീണ് മരിച്ചു

ജദ്ദിനഗഡ്ഡെ ജംബേഹാഡിയിലെ സഞ്ജീവ് നായിക്-നർസി ദമ്പതികളുടെ മകൾ മൂകാംബികയാണ് (23) മരിച്ചത്.

Update: 2025-06-20 15:47 GMT

മംഗളൂരു: അമാസിബൈലു ഗ്രാമത്തിൽ ജദ്ദിനഗഡ്ഡെ ജംബെഹാഡിയിൽ പശുവിന് പുല്ലരിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതി അബദ്ധത്തിൽ കാൽ വഴുതി കിണ്ടി അണക്കെട്ടിൽ വീണ് മരിച്ചു. ജദ്ദിനഗഡ്ഡെ ജംബേഹാഡിയിലെ സഞ്ജീവ് നായിക്-നർസി ദമ്പതികളുടെ മകൾ മൂകാംബികയാണ് (23) മരിച്ചത്. യുവതി അമാസിബൈലുവിലെ പെട്രോൾ പമ്പിൽ ജോലിക്കാരിയാണ്.

ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിലായിരുന്നു വെള്ളിയാഴ്ച ജോലി. രാവിലെ സഹോദര ഭാര്യ അശ്വിനിക്കൊപ്പം പശുവിന് പുല്ല് ശേഖരിക്കാൻ പോയതായിരുന്നു. തിരികെ വരുമ്പോൾ അശ്വിനി കാലിത്തീറ്റയുമായി മുന്നിൽ നടക്കുകയായിരുന്നു. അശ്വിനി വീട്ടിലെത്തിയപ്പോഴാണ് മൂകാംബിക കൂടെയില്ലെന്നത് ശ്രദ്ധിച്ചത്. പുല്ലരിഞ്ഞ തോട്ടത്തിൽ പോയി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ അണക്കെട്ടിന്റെ കരയിൽ അരിവാൾ കണ്ടെത്തി. പരിഭ്രാന്തയായ അശ്വിനിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങൾ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ അണക്കെട്ടിൽ മൂകാംബികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ശങ്കരനാരായണ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി. കുന്താപുരം തഹസിൽദാർ പ്രദീപ് കുർദേക്കർ, അമാസിബൈലു എസ്ഐ അശോക് കുമാർ, അമാസിബൈലു വില്ലേജ് അക്കൗണ്ടന്റ് ചന്ദ്രശേഖര മൂർത്തി, പിഡിഒ സ്വാമിനാഥ്, ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്ര ഷെട്ടി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. എംഎൽഎ കിരൺ കുമാർ കോഡ്ഗിയും മൂകാംബികയുടെ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചു. മൂകാംബികയുടെ മാതാവ് നർസിയുടെ പരാതിയിൽ അമാസിബൈലു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News