തന്നേക്കാൾ സൗന്ദര്യമുണ്ടായതിൽ അസൂയ; യുവതി കൊലപ്പെടുത്തിയത് മകനടക്കം നാല് കുട്ടികളെ
രണ്ട് വർഷത്തിനുള്ളിലാണ് ഇവർ നാല് കുട്ടികളെ കൊലപ്പെടുത്തിയത്
ഹരിയാന: തന്നേക്കാൾ സൗന്ദര്യമുണ്ടെന്ന പേരിൽ സ്വന്തം കുഞ്ഞിനേയും ഉറ്റ ബന്ധുക്കളുടെ കുഞ്ഞുങ്ങളേയും കൊലപ്പെടുത്തിയ യുവതി പിടിയിൽ. ഹരിയാനയിലെ പാനിപ്പത്തിലെ ഭാവദിലാണ് സംഭവം. പല സമയത്തായി നാല് കുട്ടികളെയാണ് പൂനം എന്ന 32 കാരിയായ യുവതി കൊലപ്പെടുത്തിയത്.
രണ്ട് വർഷത്തിനുള്ളിലാണ് ഇവർ നാല് കുട്ടികളെ കൊലപ്പെടുത്തിയത്. വീട്ടമ്മയായ പൂനം അധികമാരുമായും ഇടപഴകാറുണ്ടായിരുന്നില്ല. എന്നാൽ സൗന്ദര്യമുള്ള കുട്ടികളെ കാണുന്നത് ഇവർക്ക് അസ്വസ്ഥതയും അസൂയയും സൃഷ്ടിച്ചിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുട്ടികൾ വളരുമ്പോൾ തന്നേക്കാൾ സൗന്ദര്യമുള്ളവർ ആകുമോയെന്ന അസൂയയാണ് കൊലപാതകങ്ങൾക്ക് പ്രേരണയായതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
2023ലാണ് പൂനം ഇരട്ടക്കൊല ചെയ്യുന്നത്. അനന്തരവൾ ഒൻപത് വയസുകാരി ഇഷികയും പൂനത്തിന്റെ മകനായ മൂന്ന് വയസുകാരൻ ശുഭത്തിനെയും പൂനത്തിന്റെ വീട്ടിലെ ടാങ്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട കുട്ടികളെ ടാങ്കുകളിലും കുളത്തിലും കുളിമുറിയിലെ ടബ്ബിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇഷികയുടെ മരണത്തിൽ തനിക്ക് നേരെ സംശയമുണ്ടാകുന്നത് തടയാനാണ് പൂനം സ്വന്തം മകനെ കൊലപ്പെടുത്തിയത്.
2025 ഓഗസ്റ്റിലാണ് മൂന്നാമത്തെ കൊലപാതകം നടന്നത്. സിവായിൽ ബന്ധുവിന്റെ ആറ് വയസ് പ്രായമുള്ള മകളെയാണ് ഇവർ വെള്ളത്തിൽ മുക്കി കൊന്നത്. മൂന്ന് സംഭവങ്ങളിലും സംശയത്തിന് പോലും ഇട നൽകാതിരുന്ന പൂനം നാലാമത്തെ കേസിലാണ് പിടിയിലായത്. ഡിസംബർ ഒന്നിന് നൗലഖയിൽ ഒരു കല്യാണത്തിനിടെ ഭർത്താവിന്റെ ഉറ്റ ബന്ധുവിന്റെ ആറ് വയസ് പ്രായമുള്ള മകൾ വിധിയെയാണ് ഇവർ കൊലപ്പെടുത്തിയത്. കുട്ടിയുടെ മരണത്തിന് പിന്നാലെ അസ്വാഭാവികത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൂനമാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നേരത്തെ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും പൂനം വെളിപ്പെടുത്തിയത്.