'ദേഹത്ത് നെയ്യും വൈനും ഒഴിച്ചു, ഗ്യാസ് സിലിണ്ടർ ഓണാക്കി തീ കൊളുത്തി'; ഡൽഹിയിലെ യുപിഎസ്‍സി ഉദ്യോഗാര്‍ഥിയുടെ കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്ത്
യുവതിയുടെ സ്വകാര്യ വീഡിയോകളും ചിത്രങ്ങളും അടങ്ങിയ ഹാര്‍ഡ് ഡിസ്ക് രാകേഷിന്‍റെ കൈവശമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു
Representation Image
ഡൽഹി: വടക്കൻ ഡൽഹിയിലെ തിമാർപൂരിൽ യുപിഎസ്‌സി പരീക്ഷാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നാഴ്ചക്ക് ശേഷം കൊലപാതകത്തിന്‍റെ ചുരുളഴിച്ച് ഡൽഹി പൊലീസ്. കൊല്ലപ്പെട്ട രാംകേഷ് മീനയുടെ ലിവ്-ഇൻ പങ്കാളി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം തീപിടിത്തമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും തെളിഞ്ഞു.
യുവതിയുടെ സ്വകാര്യ വീഡിയോകളും ചിത്രങ്ങളും അടങ്ങിയ ഹാര്‍ഡ് ഡിസ്ക് രാകേഷിന്‍റെ കൈവശമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ അമൃത ചൗഹാൻ, മുൻ കാമുകൻ സുമിത് കശ്യപ് (27), സുഹൃത്ത് സന്ദീപ് കുമാർ (29) എന്നിവരെ യുപിയിലെ മൊറാദാബാദിൽ നിന്നാണ് പിടികൂടിയത്.
ഒക്ടോബർ 6നാണ് ഗാന്ധി വിഹാറിലെ നാലാം നിലയിലെ ഒരു ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതായി പൊലീസിന് വിവരം ലഭിക്കുന്നത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു. മരിച്ചത് രാകേഷ് മീണയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഒക്ടോബർ 5 ന് രാത്രി മുഖംമൂടി ധരിച്ച രണ്ട് പുരുഷന്മാർ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതും തീപിടിത്തത്തിന് തൊട്ടുമുമ്പ് പുലർച്ചെ 2.57 ഓടെ ഒരു സ്ത്രീ അവരിൽ ഒരാളോടൊപ്പം പുറത്തേക്ക് പോകുന്നത് കണ്ടതായും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കി. തൊട്ടുപിന്നാലെ ഫ്ലാറ്റിൽ തീ പടരുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഒപ്പം താമസിച്ചിരുന്ന അമൃതയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. പൊലീസ് അവരെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴൊക്കെ ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് മൊറാദാബാദിൽ നടത്തിയ പരിശോധനക്കിടയൊണ് പ്രതികൾ അറസ്റ്റിലാകുന്നത്. ഇവര്‍ക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
ഈ വര്‍ഷം മേയിലാണ് മീണയും ബിഎസ്‌സി ഫോറൻസിക് സയൻസ് വിദ്യാർഥിനിയായ അമൃതയും തമ്മിൽ പരിചയത്തിലാകുന്നത്. മീണ അമൃതയുടെ അശ്ലീല വീഡിയോകൾ റെക്കോഡ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. അമൃത തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രതികൾ മൂന്ന് പേരും കൂടി ആദ്യം മീണയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ദേഹത്ത് എണ്ണ, നെയ്യ്, വൈൻ എന്നിവ ഒഴിച്ചു. തുടര്‍ന്ന് ഒരു ഗ്യാസ് സിലിണ്ടർ മീണയുടെ തലയ്ക്ക് സമീപം വയ്ക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് തീയിടുകയുമായിരുന്നു. സംഭവം തീപിടിത്തമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
കൊലപാതകത്തിന് ശേഷം ഹാർഡ് ഡിസ്ക്, ലാപ്ടോപ്പുകൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുമായി അവർ കടന്നുകളയുകയും ചെയ്തു.കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം യുവതിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. അമൃതയുടെ മുൻ കാമുകനായ കശ്യപ് എൽപിജി വിതരണക്കാരനാണ്. സുഹൃത്ത് സന്ദീപ് എസ്എസ്സി സിജിഎൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ബിരുദധാരിയായിരുന്നു.