ജാതിയുടെ പേരിൽ ബന്ധുക്കൾ കാമുകനെ കൊലപ്പെടുത്തി; മൃതദേഹത്തെ വിവാഹം ചെയ്ത് യുവതി
മഹാരാഷ്ട്രയിലെ നാന്ദെഡിൽ സാക്ഷം ടാറ്റ എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്
മുംബൈ: ജാതിയുടെ പേരിൽ പ്രണയബന്ധത്തെ എതിർത്ത പെൺകുട്ടികൾ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാന്ദെഡിലാണ് സംഭവം. സാക്ഷം ടാറ്റ എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ആഞ്ചൽ എന്ന പെൺകുട്ടി സഹോദരൻമാർ വഴിയാണ് സാക്ഷമുമായി പരിചയപ്പെടുന്നത്. വീട്ടിലെ തുടർച്ചയായ സന്ദർശനങ്ങളിലൂടെ ആഞ്ചൽ സാക്ഷയുമായി കൂടുതൽ അടുത്തു. മൂന്നുവർഷത്തോളം നീണ്ട ബന്ധം അടുത്തിടെയാണ് വീട്ടിലറിഞ്ഞത്. ഇരുവരും വ്യത്യസ്ത ജാതിയിൽ പെട്ടവരായതിനാൽ ആഞ്ചലിന്റെ കുടുംബം ഈ ബന്ധത്തെ എതിർത്തിരുന്നു. ഇത് അവഗണിച്ച് ഇവർ ബന്ധം തുടർന്നു.
ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചതറിഞ്ഞ ആഞ്ചലിന്റെ അച്ഛനും സഹോദരൻമാരും ചേർന്ന് വ്യാഴാഴ്ച സാക്ഷമിനെ കൊലപ്പെടുത്തുകയായിരുന്നു. സാക്ഷമിനെ ക്രൂരമായി മർദിച്ച ഇവർ തലക്ക് വെടിവെച്ച ശേഷം കല്ലുകൊണ്ട് തല ഇടിച്ചു തകർക്കുകയും ചെയ്തു.
അന്ത്യകർമങ്ങൾ നടക്കുന്നതിനിടെ സാക്ഷമിന്റെ വീട്ടിലെത്തിയ ആഞ്ചൽ അവന്റെ മൃതദേഹത്തിൽ മഞ്ഞൾ പുരട്ടുകയും സ്വന്തം നെറ്റിയിൽ സിന്ദൂരം ചാർത്തുകയും ചെയ്ത ശേഷം കാമുകന്റെ മൃതദേഹത്തെ വിവാഹം കഴിക്കുകയായിരുന്നു. അതിന് ശേഷം ജീവിതകാലം മുഴുവൻ സാക്ഷമിന്റെ ഭാര്യയായി അവന്റെ വീട്ടിൽ ജീവിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
സാക്ഷം മരിച്ചെങ്കിലും തങ്ങളുടെ പ്രണയം വിജയിച്ചു. തന്റെ പിതാവും സഹോദരങ്ങളും പരാജയപ്പെട്ടു. സാക്ഷമിന്റെ കൊലയാളികൾക്ക് വധശിക്ഷ ലഭിക്കണം. സാക്ഷം മരിച്ചെങ്കിലും തങ്ങളുടെ പ്രണയം ഇപ്പോഴുമുണ്ട് എന്ന് തെളിയിക്കാനാണ് മൃതദേഹത്തെ വിവാഹം ചെയ്തതെന്നും ആഞ്ചൽ പറഞ്ഞു. ആഞ്ചലിന്റെ പിതാവും സഹോദരങ്ങളുമടക്കം ആറുപേർക്ക് എതിരെ കേസെടുത്ത പൊലീസ് അവരെ അറസ്റ്റ് ചെയ്തു.