'ദേ, ഭ​ഗവാൻ ശ്രീരാമൻ'; വിമാനത്താവളത്തിൽ രാമായണം സീരിയൽ നടന്റെ കാലിൽ വീണ് നമസ്കരിച്ചും പ്രാർഥിച്ചും സ്ത്രീ

സ്ത്രീയെ മാറ്റാൻ ഇതിനിടെ ഒരു തവണ ഭർത്താവിനോട് പറയുന്ന ​ഗോവിൽ, പിന്നീട് അതിനു ശ്രമിക്കാതെ ​അവിടെ തന്നെ നിന്ന് 'ആരാധന' ആസ്വദിക്കുന്നത് വീഡിയോയിൽ കാണാം. ​

Update: 2022-10-02 11:21 GMT
Advertising

മുംബൈ: രാമാനന്ദ് സാഗറിന്റെ രാമായണം എൺപതുകളുടെ അവസാനത്തെ ഏറ്റവും ഹിറ്റായ ഷോകളിൽ ഒന്നായിരുന്നു. തുടർന്ന്, ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകരിൽ പലരും ദേവീ-ദേവന്മാരുടെ പര്യായമായി കണക്കാക്കുന്ന അവസ്ഥയിലേക്കെത്തിയിരുന്നു.

ഇതിന്റെ ഏറ്റവും പുതിയ ഉദാ​ഹരണമാണ് കഴിഞ്ഞദിവസം മുംബൈ വിമാനത്താവളത്തിൽ കണ്ടത്. രാമായണം സീരിയലിൽ ശ്രീരാമനായി വേഷമിട്ട അരുൺ ​ഗോവിലിന്റെ കാൽ തൊട്ട് വന്ദിച്ചും നമസ്കരിച്ചും മുന്നിൽ മുട്ടുകുത്തിയിരുന്ന് പ്രാർഥിച്ചുമാണ് ഒരു സ്ത്രീ ആ കഥാപാത്രത്തോടുള്ള തന്റെ അന്ധമായ ആരാധന വെളിവാക്കിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നു.

ഗോവിലിനെ കണ്ടപാടെ അദ്ദേഹത്തിന്റെ കാലിൽ വീണ് നമസ്കരിക്കുന്ന സ്ത്രീ കുറച്ചുനേരത്തിനു ശേഷമാണ് തല പൊക്കുന്നത്. ശേഷം മുന്നിൽ ഇരുന്ന് കൈ കൂപ്പി പ്രാർഥിക്കുന്ന സ്ത്രീ വീണ്ടും കാൽ തൊട്ട് നമസ്കരിക്കുന്നു. സ്ത്രീയെ മാറ്റാൻ ഇതിനിടെ ഒരു തവണ ഭർത്താവിനോട് പറയുന്ന ​ഗോവിൽ, പിന്നീട് അതിനു ശ്രമിക്കാതെ ​അവിടെ തന്നെ ആരാധന ആസ്വദിച്ചുനിൽക്കുന്നത് വീഡിയോയിൽ കാണാം. 

സ്ത്രീയെ കൂടാതെ ഇവരുടെ ഭർത്താവും നടന്റെ കാൽ തൊട്ട് വന്ദിക്കുന്നത് കാണാം. ഒടുവിൽ സ്ത്രീയെ നടൻ ഒരു കാവി ഷാൾ ധരിപ്പിക്കുന്നതും ഇവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയിലുണ്ട്. അതേസമയം, ​​ഇതെല്ലാം വീക്ഷിച്ച് സമീപം ​ഗോവിലിന്റെ ഭാര്യയും സമീപത്തു നിൽക്കുന്നുണ്ട്. ഭൂരിഭാഗം ആളുകളും തന്നെ ഇപ്പോഴും രാമൻ എന്നാണ് വിളിക്കുന്നത് എന്ന് ​ഗോവിൽ മുമ്പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

അതേസമയം, വിമാനത്താവളത്തിലെ സംഭവത്തെ വാഴ്ത്തി രം​ഗത്തെത്തിയ ഐഎഎസ് ഉദ്യോ​ഗസ്ഥയായ ഡോ. സുമിത മിത്ര ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ- 'മറ്റുള്ളവരുടെ ഹൃദയത്തിൽ നിങ്ങളുടെ ഇമേജ് എന്താണ് എന്നതാണ് നിങ്ങളുടെ മഹത്വം. രാമായണം ടിവി സീരിയലിന് 35 വർഷമായി. പക്ഷേ രാമന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരുൺ ഗോവിൽ ഇപ്പോഴും എല്ലാവർക്കും ഭഗവാൻ ശ്രീരാമനാണ്. വൈകാരിക നിമിഷം'.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News