നിതിൻ ഗഡ്കരിയുടെ പരിപാടിയിൽ ഇരിപ്പിടത്തെ ചൊല്ലി പിച്ചിയും മാന്തിയും വനിത ഓഫീസര്‍; വീഡിയോ വൈറല്‍

നിലവിൽ നാഗ്പൂരിലെ പോസ്റ്റ് മാസ്റ്റര്‍ ജനറൽ ആരാണെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്

Update: 2025-10-26 09:58 GMT
Editor : Jaisy Thomas | By : Web Desk

Photo| X

നാഗ്പൂര്‍: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ സര്‍ക്കാര്‍ പരിപാടിക്കിടെയുണ്ടായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തപാൽ വകുപ്പിലെ രണ്ട് മുതിർന്ന വനിതാ ഉദ്യോഗസ്ഥർ തമ്മിലുള്ള തര്‍ക്കമാണ് വീഡിയോയിലുള്ളത്.

പോസ്റ്റ് മാസ്റ്റർ ജനറൽ (പിഎംജി) ശോഭ മധാലെയും നവി മുംബൈ പിഎംജി സുചിത ജോഷിയുമാണ് വലിയൊരു സദസിന് മുന്നിൽ പരസ്പരം പോരടിച്ചത്. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയമാണ് തര്‍ക്കത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശോഭ മധാലയെ(ഓറഞ്ച് സാരി) കഴിഞ്ഞ സെപ്തംബര്‍ 8ന് കര്‍ണാടകയിലെ ഘര്‍വാഡിലേക്ക് സ്ഥലം മാറ്റിയിരുന്നു. നേരത്തെ നാഗ്പൂരിൽ പോസ്റ്റ് മാസ്റ്റർ ജനറലായി ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. ഇതിനിടെയാണ് ചുമതല സുചിത ജോഷിക്ക്(ചാര നിറത്തിലുള്ള സാരി ധരിച്ച) നൽകുന്നത്. ഇതിനെതിരെ ശോഭ കോടതിയെ സമീപിക്കുകയും സ്റ്റേ ഓര്‍ഡര്‍ നേടുകയും ചെയ്തു. തുടര്‍ന്ന് നാഗ്പൂരിലേക്ക് തിരികെ എത്തി. ഇപ്പോൾ നിലവിൽ നാഗ്പൂരിലെ പോസ്റ്റ് മാസ്റ്റര്‍ ജനറൽ ആരാണെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

Advertising
Advertising

ഇതിനിടെയാണ് നാഗ്പൂരിൽ തൊഴിൽ മേള നടക്കുന്നത്. വേദിയിൽ ഇരിപ്പിടം ക്രമീകരിച്ചതിനെച്ചൊല്ലി ഇരുവരും അടിയായി. വീഡിയോയിൽ രണ്ട് പേരും ഒരു സോഫയിൽ അടുത്തിരിക്കുന്നതായി കാണാം. ഇതിനിടെ ശോഭ സുചിതയോട് മാറിയിരിക്കാൻ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ കൈമുട്ട് കൊണ്ട് കുത്തുകയും നുള്ളുകയും ദേഷ്യപ്പെടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇത്രയധികം ആളുകളും ക്യാമറയും നോക്കിനിൽക്കെയായിരുന്നു മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥരുടെ വേദിക്ക് നിരക്കാത്ത പെരുമാറ്റം. ബഹളം കേട്ട് ഗഡ്കരി ഇടയ്ക്കിടെ അസ്വസ്ഥതയോടെ നോക്കുന്നുമുണ്ട്.

വീഡിയോ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പൊതുസ്ഥലത്ത്, പ്രത്യേകിച്ച് ഒരു കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിയിൽ, പെരുമാറിയതിന് രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ഈ സംഭവം മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പ്രൊഫഷണലിസത്തെയും മാന്യതയെയും കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. എന്നാൽ തപാൽ വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News