ബസിൽ തൂവാലയിട്ട് 'ബുക്ക് ചെയ്ത' സീറ്റിൽ യുവാവ് ഇരുന്നു; യാത്രക്കാരനെ കൂട്ടമായി ആക്രമിച്ച് സ്ത്രീകൾ, വീഡിയോ
കാക്കിനട ജില്ലയിലെ തുനിയിൽ നിന്ന് നരസപട്ടണത്തേക്ക് പോവുകയായിരുന്ന ബസിലാണ് സംഘർഷമുണ്ടായത്
ഹൈദരാബാദ്: ദീര്‍ഘദൂര യാത്രക്കിടെ ബസിൽ തൂവാലയിട്ട് സീറ്റ് പിടിക്കുന്നതൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. പലപ്പോഴും ഇത് സംഘര്‍ഷത്തിലായിരിക്കും കലാശിക്കുക. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എപിഎസ്ആർടിസി) ബസിൽ നടന്ന അത്തരമൊരു സംഭവമാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
കാക്കിനട ജില്ലയിലെ തുനിയിൽ നിന്ന് നരസപട്ടണത്തേക്ക് പോവുകയായിരുന്ന ബസിലാണ് സംഘർഷമുണ്ടായത്. അനകപ്പള്ളി ജില്ലയിലെ ഒരു ആർടിസി ബസിലുണ്ടായ സീറ്റ് തര്‍ക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. തൂവാല വിരിച്ച് ബുക്ക് ചെയ്ത സീറ്റിൽ ഒരു യുവാവ് ഇരുന്നതാണ് രണ്ട് സ്ത്രീകളെ പ്രകോപിച്ചത്. തുടര്‍ന്ന് വാക്കേറ്റവും അതിന് പിന്നാലെ കയ്യേറ്റവും ഉണ്ടാവുകയായിരുന്നു. സ്ത്രീകൾ യാത്രക്കാരനോട് കയര്‍ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആരംഭിച്ചത്. വാക്കുതർക്കമായി തുടങ്ങിയത് പെട്ടെന്ന് ശാരീരിക അതിക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. സ്ത്രീകൾ യുവാവിന്‍റെ മുടിയിൽ പിടിച്ചു വലിക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്നുണ്ട്. ഇത് കണ്ട് മറ്റ് യാത്രക്കാര്‍ എന്തുചെയ്യണമെന്നറിയാതെ ഞെട്ടലോടെ നോക്കുകയാണ്.
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രാ പദ്ധതി നടപ്പിലാക്കിയതിനെത്തുടർന്ന് ആർടിസി ബസുകളിലെ തിരക്ക് സംബന്ധിച്ച ചർച്ചകൾ ഈ സംഭവത്തോടെ സജീവമായിരിക്കുകയാണ്. സീറ്റിനെ ചൊല്ലി സ്ത്രീ യാത്രക്കാര്‍ വഴക്കിടുന്നത് പതിവാണ്. യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യാൻ കൂടുതൽ ബസുകൾ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.
സൗജന്യ യാത്രാ പദ്ധതികൾ ആരംഭിച്ചതിനുശേഷം ബസുകളിലെ തിരക്ക് വർധിച്ചതായും യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ ആവശ്യത്തിന് സീറ്റുകൾ ഇല്ലാത്തതിനെയും ചിലർ എടുത്തുപറഞ്ഞു. മറ്റുള്ളവർ സ്ത്രീകളുടെ ആക്രമണാത്മക പെരുമാറ്റത്തെ വിമർശിച്ചു. അക്രമത്തിലേക്ക് തിരിയുന്നതിനുപകരം യാത്രക്കാര്‍ പരസ്പരം സഹകരിക്കണമെന്ന് സോഷ്യൽമീഡിയ ഉപയോക്താക്കൾ ഉപദേശിച്ചു.