'10,000 കോടി തന്നാലും തമിഴ്നാട്ടിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല, അത് വിനാശകരമായ നാഗ്പൂർ പദ്ധതി': നിലപാട് കടുപ്പിച്ച് എം.കെ സ്റ്റാലിൻ

'തമിഴ്നാടിന്റെ വിദ്യാഭ്യാസ നയം തകർക്കുകയാണ് അവരുടെ ഏക ലക്ഷ്യം. പക്ഷേ നമ്മളതിനെ എതിർക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തമിഴ്നാടിനെ ബ്ലാക്ക്മെയിൽ ചെയ്യുകയാണ്'- സ്റ്റാലിൻ പറഞ്ഞു.

Update: 2025-03-11 12:40 GMT

ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ നിലപാട് കടുപ്പിച്ച് തമിഴ്നാട് സർക്കാർ. 10,000 കോടി നൽകിയാലും തമിഴ്നാട്ടിൽ ദേശീയവിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കി. വിദ്യാഭ്യാസം, സ്ത്രീകളുടെ ഉന്നമനം എന്നിവയിൽ തമിഴ്‌നാട് മുൻനിരയിലാണെന്ന് സ്റ്റാലിൻ പറഞ്ഞു. തടസങ്ങൾ കുറവായിരുന്നെങ്കിൽ സംസ്ഥാനത്തിന് ഇതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാമായിരുന്നെന്നും ചെങ്കൽപ്പട്ടിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

'ഇന്നലെ പാർലമെന്റിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാകും. സംസ്ഥാനത്ത് ത്രിഭാഷാ ഫോർമുല പ്രയോഗിച്ചാൽ മാത്രമേ തമിഴ്‌നാടിന് നൽകേണ്ട ഫണ്ടുകൾ അനുവദിക്കൂ എന്നും ഹിന്ദിയും സംസ്‌കൃതവും അംഗീകരിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ധിക്കാരപൂർവം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തമിഴ്നാടിനെ ബ്ലാക്ക്മെയിൽ ചെയ്യുകയാണ്'- സ്റ്റാലിൻ കുറ്റപ്പെടുത്തി.

Advertising
Advertising

'തമിഴ്നാടിന്റെ വിദ്യാഭ്യാസ നയം തകർക്കുകയാണ് അവരുടെ ഏക ലക്ഷ്യം. പക്ഷേ നമ്മളതിനെ എതിർക്കും. വിദ്യാർഥികളെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുന്നതിനു പകരം അതിൽ നിന്ന് അകറ്റാനുള്ള എല്ലാ കർമപദ്ധതികളും എൻഇപിയിൽ ഉണ്ട്. വിദ്യാഭ്യാസത്തെ സ്വകാര്യവത്ക്കരിക്കുന്നു, ഉന്നത വിദ്യാഭ്യാസം പണക്കാരുടെ മക്കൾക്ക് മാത്രം ലഭ്യമാക്കുന്നു, വിദ്യാഭ്യാസത്തിൽ മതം തിരുകിക്കയറ്റുന്നു, ചെറിയ കുട്ടികൾക്ക് പോലും പൊതുപരീക്ഷ, ആർട്സ് ആൻഡ് സയൻസ്, എഞ്ചിനീയറിങ് കോഴ്സുകൾക്കും നീറ്റ് പോലെ പ്രവേശന പരീക്ഷ കൊണ്ടുവരുന്നു, വിദ്യാഭ്യാസത്തിൽ കേന്ദ്ര സർക്കാരിന് കൂടുതൽ അധികാരം നൽകുന്നു- തുടങ്ങിയവയാണ് അവ'.

'ഇത്തരം നിരവധി പ്രശ്നങ്ങളുണ്ട്. ഇതൊക്കെ പരിശോധിക്കുമ്പോൾ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനാവില്ലെന്ന് ഞങ്ങൾ ഉറപ്പിച്ചുപറയുന്നു. എന്നാൽ ഇക്കാര്യങ്ങളൊക്കെ അംഗീകരിച്ചാൽ മാത്രമേ തമിഴ്‌നാടിന് ഫണ്ട് ലഭിക്കൂ എന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി പറയുന്നത്. അതുകൊണ്ട് 2,000 കോടിയല്ല, നിങ്ങൾ 10,000 കോടി രൂപ നൽകിയാലും നിങ്ങളുടെ വിനാശകരമായ നാഗ്പൂർ പദ്ധതി ഞങ്ങൾ അംഗീകരിക്കില്ലെന്ന് ഈ വേദിയിൽ ഞാൻ ആവർത്തിക്കുന്നു'- സ്റ്റാലിൻ തുറന്നടിച്ചു.

ദേശീയവിദ്യാഭ്യാസ നയത്തിന് പിന്നിൽ ആർഎസ്എസ് അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. '2024ൽ ബിജെപി കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജ് ‘തമിഴർ ബോംബ് നിർമിക്കുന്ന തീവ്രവാദികളാണ്‘ എന്നും 2025ൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ‘തമിഴർ അപരിഷ്‌കൃതരാണ്‘ എന്നും അധിക്ഷേപിച്ചിരുന്നു. ബിജെപിക്ക് തമിഴരോടുള്ള വെറുപ്പാണ് ഈ പ്രസ്താവനകളൊക്കെ കാണിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.‌ 'ഇന്ത്യയെ നയിക്കുന്ന തമിഴ്‌നാട്, അവർ കൊണ്ടുവരുന്ന എൻഇപിയെ ഒരു കാരണവശാലും അംഗീകരിക്കില്ല. അവകാശങ്ങൾക്കായുള്ള പോരാട്ടവീര്യം ഉയർത്തുന്നത് ഞങ്ങൾ തുടരും'- അദ്ദേഹം എക്സിൽ കുറിച്ചു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News