"തമിഴ്‌നാടിന് കാവേരി തുറന്നുകൊടുക്കുന്ന പ്രശ്‌നമില്ല'; ഡി കെ ശിവകുമാർ

സിദ്ധരാമയ്യ സർക്കാർ സ്വന്തം ജനത്തെ ദാഹിച്ചുവലച്ച് ഡി.എം.കെയെ പിന്തുണക്കുകയാണെന്ന് ബി.ജെ.പി

Update: 2024-03-11 10:52 GMT
Editor : ശരത് പി | By : Web Desk

ബംഗളൂരു: തമിഴ്‌നാടിന് കാവേരിജലം വിട്ടുനൽകുന്ന പ്രശ്‌നമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കൃഷ്ണരാജ അണക്കെട്ടിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്നുവെന്ന ആരോപണത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെള്ളം തുറന്നുവിടുന്നത് ബംഗളൂരുവിലേക്കാണ് തമിഴ്‌നാട്ടിലേക്കല്ല.

തമിഴ്‌നാട്ടിലേക്ക് എത്ര വെള്ളം ഒഴുക്കുന്നു എന്നതിന് കണക്കുണ്ട്. അണക്കെട്ട് തുറന്നാലും തമിഴ്‌നാട്ടിലേക്ക് വെള്ളമെത്താൻ നാല് ദിവസമെടുക്കും എന്നും ജലവിഭവവകുപ്പ് മന്ത്രികൂടിയായ ഡി കെ ശിവകുമാർ പറഞ്ഞു.

തമിഴ്‌നാട്ടിലേക്ക് വെള്ളം നൽകുന്നുണ്ടെന്ന് ആരോപിച്ച് ഞായറാഴ്ച കർഷക ഹിതരക്ഷാ സമിതി ജില്ല ആസ്ഥാനമായ മാണ്ഡ്യയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Advertising
Advertising

വെള്ളമില്ലാതെ വലയുന്ന സ്വന്തം നാട്ടിലെ കർഷകരുടെയും പൗരന്മാരുടെയും ജീവന് വിലകൽപിക്കാതെ, തമിഴ്‌നാട്ടിലെ ഡി.എം.കെയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് സിദ്ധരാമയ്യ സർക്കാർ ശ്രമിക്കുന്നത് എന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തുവന്നിരുന്നു.

ശുദ്ധജല ക്ഷാമത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ബംഗളൂരു നഗരം. ജലസ്രോതസുകൾ വറ്റിയതോടെ പലയിടങ്ങളിലും ടാങ്കറിലെത്തുന്ന വെള്ളം മാത്രമാണ് ആശ്രയം. കുഴൽക്കിണറുകൾ വറ്റുകയും ടാങ്കർ ജലം എത്താത്തതും അമിത വില ഈടാക്കുന്നതും മലയാളികൾ ഉൾപ്പെടെയുള്ള നഗരവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ മൺസൂണിൽ കിട്ടേണ്ട മഴയുടെ അളവ് കുറയുകയും പ്രധാന ജലസ്രോതസായ കാവേരിയിലെ ജലനിരപ്പ് താഴുകയും ചെയ്തു. നഗരം ഇതുവരെ നേരിട്ടിട്ടില്ലാത്ത ജലക്ഷാമത്തിലൂടെയാണ് കടന്നു പോവുന്നത്. പ്രാഥമിക ആവശ്യങ്ങൾക്കായി മാളുകളിലേക്ക് പോവേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News