ലോകത്തെ ഏറ്റവും ഉയരം കൂടിയ തുരങ്കം ഇന്ത്യയിൽ നിർമിക്കുന്നു

ലഡാക്കിനെയും ഹിമാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്ന പാതയായ ഷിങ്കുല ചുരത്തിലാണ് പുതിയ തുരങ്കം നിർമിക്കുന്നത്.

Update: 2022-04-20 10:34 GMT
Editor : Nidhin | By : Web Desk
Advertising

സമുദ്ര നിരപ്പിൽ നിന്ന് ഏറ്റവും ഉയരം കൂടിയ തുരങ്കം നിർമിക്കാൻ ഇന്ത്യ. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിനെയും ഹിമാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്ന പാതയായ ഷിങ്കുല ചുരത്തിലാണ് പുതിയ തുരങ്കം നിർമിക്കുന്നത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO-ബിആർഒ) ആണ് തുരങ്കം നിർമിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 16,580 അടി ഉയരത്തിലാണ് നിർമാണം. നിലവിൽ ഏറ്റവും ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തുരങ്കങ്ങൾ ചൈനയിലുടേതും പെറുവിലേതുമാണ്. ഇവ രണ്ടും 16,000 അടിക്ക് താഴെയാണ്.

ഇന്ത്യയിലെ വടക്കൻ മേഖലയിലെ റോഡുകളുടെ നിർമാണത്തിനും സംരക്ഷത്തിനുമായി രൂപികരിക്കപ്പെട്ട ബിആർഒ ഈ വർഷം ജൂലൈയിൽ തുരങ്കത്തിന്റെ നിർമാണം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തന്ത്രപ്രധാനമായ ഈ തുരങ്കം നിർമിക്കാൻ ബിആർഒക്ക് കീഴിൽ ' പ്രൊജക്ട് യോജക് ' എന്ന പേരിൽ കേന്ദ്ര സർക്കാർ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

2025 ൽ നിർമാണം പൂർത്തിയാക്കി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാൻ സാധിക്കുമെന്നാണ് ബിആർഒയുടെ പ്രതീക്ഷ.

തുരങ്കം പൂർത്തിയായാൽ ഹിമാചൽ പ്രദേശിൽ നിന്ന് ലഡാക്കിലേക്കുള്ള യാത്രാസമയത്തിൽ വലിയ കുറവുണ്ടാകും. രാജ്യത്തിന്റെ രണ്ടു മേഖലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാതയായും ഇത് മാറും.

നിലവിൽ 100 കിലോമീറ്ററോളം അധികമായി യാത്ര ചെയ്താണ് മണാലിയിൽ നിന്ന് ലഡാക്കിലേക്ക് വിനോദസഞ്ചാരികൾ ഉൾപ്പടെ യാത്ര ചെയ്യുന്നത്. തുരങ്കം വന്നാൽ കൂടുതൽ സഞ്ചാരികൾക്കും അനുഗ്രഹമാകും.

ലോകത്തെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡ് നിർമിച്ച് അടുത്തിടെ ബിആർഒ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. കിഴക്കൻ ലഡാക്കിലായിരുന്നു ആ പാത നിർമിച്ചത്. 19,300 അടി ഉയരത്തിലായിരുന്നു പാത നിർമിച്ചത്.

Summary: World's highest tunnel in India will connect Himachal and Ladakh

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News