'ബ്രിജ് ഭൂഷൺ പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിൽ; 25 മെഡലുകൾ കൊണ്ടുവന്ന പെൺമക്കൾ നീതിക്കായി തെരുവിൽ'; രാഹുൽ ​ഗാന്ധി

എഫ്‌ഐആറിൽ ഗുരുതര ആരോപണങ്ങളാണ് ബ്രിജ്ഭൂഷൺ സിങ്ങിനെതിരെയുള്ളത്.

Update: 2023-06-02 14:34 GMT
Advertising

ന്യൂഡൽഹി: അന്താരാഷ്‌ട്ര മെഡലുകൾ നേടിയ ​ഗുസ്തി താരങ്ങൾ തെരുവിൽ നീതിക്കായി സമരം തുടരുമ്പോൾ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ബിജെപി എംപി ബ്രിജ്ഭൂഷൺ പ്രധാനമന്ത്രിയുടെ സംരക്ഷണ കവചത്തിൽ സുരക്ഷിതനാണെന്ന് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു.

'25 അന്താരാഷ്ട്ര മെഡലുകൾ കൊണ്ടുവന്ന പെൺമക്കൾ നീതിക്കായി തെരുവിൽ യാചിക്കുന്നു! രണ്ട് എഫ്‌ഐആറുകളിൽ 15 ഹീനമായ ലൈംഗികാരോപണങ്ങളുമായി എം.പി പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിൽ സുരക്ഷിതം! പെൺമക്കളുടെ ഈ അവസ്ഥകൾക്ക് ഉത്തരവാദി മോദി സർക്കാരാണ്'- രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു.

വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എന്തുകൊണ്ടാണ് ബിജെപി എംപിയായ സിങ്ങിനെതിരെ ഇതുവരെ നടപടിയെടുക്കാത്തതെന്ന് ചോദിച്ചു. കുറ്റാരോപിതനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് പ്രധാനമന്ത്രി രാജ്യത്തോട് പറയണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

അതേസമയം, രാജ്യത്തിനായി മെഡൽ നേടിയ താരമടക്കം ആറ് വനിതാ ഗുസ്തി താരങ്ങളുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവിന്റേയും പരാതിയുടെ അടിസ്ഥാനത്തിൽ ബ്രിജ് ഭൂഷനെതിരെ ഡൽഹി പൊലീസ് ലൈം​ഗികാതിക്രമ കുറ്റം ചുമത്തിയിട്ടുണ്ട്. സിങ് നടത്തിയ ലൈം​ഗിക പീഡനം, അനുചിതമായ സ്പർശനം, തട്ടിക്കൊണ്ടുപോകൽ, പിന്തുടരൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ നിരവധി കുറ്റങ്ങൾ രണ്ട് എഫ്‌ഐആറുകളിലായി വിവരിച്ചിട്ടുണ്ട്.

എഫ്‌ഐആറിൽ ഗുരുതര ആരോപണങ്ങളാണ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ളത്. സ്വർണമെഡൽ നേടിയ ദിവസം ബ്രിജ് ഭൂഷൺ മുറിയിലേക്ക് വിളിപ്പിച്ച് ബലമായി കെട്ടിപ്പിടിച്ചെന്നും ലൈംഗികാവശ്യങ്ങൾക്കായി സമീപിച്ചെന്നും സ്വര്‍ണ മെഡല്‍ ജേത്രി മൊഴി നൽകി. പരിശീലനത്തിനിടെ പരിക്ക് പറ്റിയത് ചികിത്സിക്കാൻ ഫെഡറേഷന്‍ മുടക്കിയ പണത്തിന് പകരമായി ബ്രിജ്ഭൂഷൺ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതായും താരങ്ങൾ നൽകിയ പരാതിയിലുണ്ട്.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News