പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയാകാന്‍ സന്നദ്ധത അറിയിച്ച് യശ്വന്ത് സിന്‍ഹ

ഇന്ന് ചേരുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.

Update: 2022-06-21 05:55 GMT

ഡല്‍ഹി: യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥിയായേക്കും. സ്ഥാനാർഥിയാകാൻ യശ്വന്ത് സിൻഹ സന്നദ്ധത അറിയിച്ചു. വിശാല പ്രതിപക്ഷ ഐക്യത്തിനായി നിലകൊള്ളേണ്ട സമയമാണെന്ന് യശ്വന്ത് സിൻഹ പ്രതികരിച്ചു.

വാജ്പേയി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു യശ്വന്ത് സിന്‍ഹ. പിന്നീട് ബി.ജെ.പിയുടെ വിമര്‍ശകനായി. ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തി. യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും വലിയ താത്പര്യം തുടക്കത്തില്‍ ഇല്ലായിരുന്നു. തൃണമൂലില്‍ നിന്നും രാജിവെച്ച് മത്സരിക്കണമെന്ന നിബന്ധന കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും മുന്നോട്ടുവെച്ചു. തയ്യാറാണെന്ന് യശ്വന്ത് സിന്‍ഹ അറിയിച്ചതോടെ ഇന്ന് ചേരുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.

Advertising
Advertising

ശരദ് പവാർ, ഗോപാൽകൃഷ്ണ ഗാന്ധി, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവര്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ അഭ്യർഥന നിരസിച്ചു. ഇതോടെ മറ്റൊരു പേരിലേക്ക് പ്രതിപക്ഷത്തിന് എത്തണം.

മമത ബാനര്‍ജി വിളിച്ച കഴിഞ്ഞ യോഗത്തില്‍ 17 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തിരുന്നു. ഇന്നത്തെ യോഗത്തിലേക്ക് എ.എം.ഐ.എമ്മിനും ക്ഷണമുണ്ട്. ഇന്നത്തെ യോഗത്തില്‍ കോൺഗ്രസിൽ നിന്ന് ജയ്‌റാം രമേശും മല്ലികാർജുൻ ഖാർഗെയും പങ്കെടുക്കും. സി.പി.എം ജനറൽ സെക്രട്ടറി സീതാം യെച്ചൂരിയും സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജയും യോഗത്തിനെത്തും. മമതാ ബാനർജിക്ക് അസൗകര്യമുള്ളതിനാൽ അഭിഷേക് ബാനർജിയാണ് തൃണമൂലിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുക. ബംഗാളിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തുടരേണ്ടതുണ്ടെന്നാണ് മമത അറിയിച്ചത്.

എൻ.ഡി.എയുടെ സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഘടക കക്ഷികളുമായി രാജ്നാഥ് സിങ് ചർച്ച നടത്തി.രാഷ്ട്രപതി തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂൺ 29 ആണ്. വോട്ടെടുപ്പ് ജൂലൈ 18നും വോട്ടെണ്ണൽ ജൂലൈ 21നും നടക്കും.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News