യെച്ചൂരി: ഇൻഡ്യാ സഖ്യമെന്ന ആശയം യാഥാർഥ്യമാക്കിയവരിൽ പ്രധാനി

എല്ലാം കൊണ്ടും താൻ സ്വയമൊരു ഇൻഡ്യ മുന്നണിയാണെന്നു സീതാറാം യെച്ചൂരി രാഹുൽ ഗാന്ധിയോട് പറഞ്ഞിട്ടുണ്ട്

Update: 2024-09-12 13:27 GMT

ന്യൂഡൽഹി: ആശയമായി നിലനിന്ന ഇൻഡ്യ സഖ്യത്തെ യാഥാർഥ്യത്തിലേക്കെത്തിച്ച നേതാക്കന്മാരിൽ പ്രധാനിയായിരുന്നു സീതാറാം യെച്ചൂരി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായുള്ള യെച്ചൂരിയുടെ അടിയുറച്ച ബന്ധം സഖ്യ രൂപീകരണത്തിൽ നിർണായകമായി. മൂന്നാം മുന്നണിയെന്ന ആശയത്തിൽ നിന്നും ഫാസിസ്റ്റ് വിരുദ്ധ ഐക്യം എന്ന നിലയിലേക്ക് സിപിഎം നേതാക്കളെ എത്തിക്കുന്നതിലും സീതാറാമിന്റെ വാക്കുകൾക്ക് കഴിഞ്ഞു.

ചെന്നൈയിയിൽ, തെലുങ്ക് സംസാരിക്കുന്ന കുടുംബത്തിൽ ജനിച്ചയാൾ. കേരളത്തോടും ബംഗാളിനോടും ആഴത്തിലുള്ള ബന്ധം .ഡൽഹി എകെജി ഭവനിൽ പറയുന്നത് ഹിന്ദി. എല്ലാം കൊണ്ടും താൻ സ്വയമൊരു ഇൻഡ്യ മുന്നണിയാണെന്നു സീതാറാം യെച്ചൂരി രാഹുൽ ഗാന്ധിയോട് പറഞ്ഞിട്ടുണ്ട്.

Advertising
Advertising

ഇന്ത്യയുടെ വൈവിധ്യത്തെ തിരിച്ചറിയുകയും, അതിനു തടസമായി നിൽക്കുന്ന ഫാസിസ്റ്റ് ശക്തികളെ പരാജയപെടുത്താൻ ഏതറ്റം വരെയും പോയ നേതാവ് കൂടിയാണ് സീതാറാം യെച്ചൂരി. ബംഗാളിൽ മമത ബാനർജി തട്ടി അകറ്റുന്നത് വരെ ഇടതുപക്ഷത്തിന്റെ സഖ്യ സാധ്യത തുറന്നിട്ടു. ടിഎംസിയുമായി പരസപരം ബംഗാളിൽ പോരാടുമ്പോഴും മുഖ്യശത്രു ബിജെപിയെന്ന് ആവർത്തിച്ചു നയം വ്യക്തമാക്കികൊണ്ടേയിരുന്നു.

ഒന്നാം യുപിഎ സർക്കാരിന്റെ പൊതു മിനിമം പരിപാടി രൂപീകരിക്കുന്ന സമിതിയിൽ സിപിഎം പ്രതിനിധി സീതാറാം യെച്ചൂരിയായിരുന്നു. കർഷക -തൊഴിലാളി വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി, സീതാറാം കടുംപിടുത്തം തുടർന്നപ്പോൾ ചർച്ച 22 ദിവസമാണ് നീണ്ടുപോയത്. തൊഴിലുറപ്പ് പദ്ധതി, വനാവകാശ നിയമം തുടങ്ങി ജനങ്ങളെ സ്പർശിച്ച പദ്ധതികളാണ് രണ്ടാം യുപിഎ സർക്കാരിന് അടിത്തറ പാകിയത്.

രണ്ടാം യുപിഎ സർക്കാരിന്റെ അവസാന കാലത്ത്, കോൺഗ്രസിന് വഴി തെറ്റുന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതും ഈ രാജ്യസഭാംഗം തന്നെ. രാജ്യത്തെ വിഴുങ്ങുന്ന വർഗീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തിന് കാല്പനികത പോരാ, പ്രായോഗികത വേണമെന്ന് വ്യക്തമാക്കി, 2014 മുതൽ കോൺഗ്രസിന്റെ ഒപ്പം ഡൽഹിയിൽ തെരുവിലിറങ്ങി. രാജ്യത്തിന്റെ ആത്മാവിനെ ആഴത്തിൽ മനസിലാക്കിയ ഈ യുക്തിവാദിയുടെ മരണം, ഇടത് പക്ഷത്തിനു അപ്പുറമുള്ള പാർട്ടികളിലും സങ്കടം പടർത്തുന്നത്, അവസാന ശ്വാസം വരെ നിലപാടിൽ അടിയുറച്ചു നിന്ന കമ്യൂണിസ്റ്റുകാരൻ എന്നത് കൂടി കൊണ്ടാണ്

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News