'ഞങ്ങളുടെ ബുൾഡോസര്‍ ഉത്തർപ്രദേശിൽ കലാപങ്ങൾ ഇല്ലാതാക്കി': യോഗി ആദിത്യനാഥ്

കോൺഗ്രസും ആം ആദ്മി പാർട്ടിയും കലാപകാരികളെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്ന് യോഗി

Update: 2022-11-27 01:22 GMT
Advertising

ഗുജറാത്തിൽ അമിത് ഷായ്ക്ക് പിന്നാലെ, കലാപകാരികളെ അടിച്ചമർത്തി എന്ന അവകാശവാദവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തങ്ങളുടെ ബുൾഡോസറുകൾ ആണ് ഉത്തർപ്രദേശിൽ കലാപങ്ങൾ ഇല്ലാതാക്കിയത് എന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ അവകാശവാദം.

ഗുജറാത്തിൽ 2002ൽ കലാപകാരികളെ അമർച്ച ചെയ്യുക മാത്രമാണ് ബി.ജെ.പി ചെയ്തത് എന്ന് വെള്ളിയാഴ്ച ആണ് അമിത് ഷാ അവകാശപ്പെട്ടത്. ഇതിന് പിന്നാലെ ആണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകൾ പൊളിച്ച് നീക്കുന്നതിനെ ഗുജറാത്തിൽ വെച്ച് തന്നെ ന്യായീകരിച്ചത്. ഉത്തർപ്രദേശിലെ കലാപങ്ങൾ ഇല്ലാതാക്കിയത് ബുൾഡോസർ ഉപയോഗിച്ച് സർക്കാർ നടത്തിയ നീക്കമാണ് എന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ അവകാശവാദം. കലാപ കേസുകളിൽ പ്രതിയായാൽ ഇത് തന്നെയാകും ഭാവിയിലും നടപടി എന്ന മുന്നറിയിപ്പ് കൂടിയാണ് യോഗി ആദിത്യനാഥ് നൽകിയത്. കോൺഗ്രസും ആം ആദ്മി പാർട്ടിയും കലാപകാരികളെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.

"കലാപകാരികളോട് ബി.ജെ.പിക്ക് ഒരു വിട്ടുവീഴ്ചയും ഇല്ല. അവർക്കെതിരെ ബി.ജെ.പി ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും കലാപകാരികളെയും വിഘടനവാദികളെയും എല്ലാം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്"- യോഗി ആദിത്യനാഥ് പറഞ്ഞു.

ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് ആദിത്യനാഥ് പ്രചാരണം നടത്തുന്നത്. അതേസമയം താരപ്രചാരകരെ നിരന്തരം ഗുജറാത്തിലേക്ക് കൊണ്ട് വരുന്ന ബി.ജെ.പി നടപടിയെ കോൺഗ്രസ് പരിഹസിച്ചു. പ്രധാനമന്ത്രിയുടെ സംസ്ഥാനത്ത് ബി.ജെ.പി തോൽവി ഭയക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ പേര് മാത്രം മതിയെന്ന് പറയുന്ന ബി.ജെ.പി എന്തിനാണ് നരേന്ദ്ര മോദിയെ നിരന്തരം ഗുജറാത്തിലേക്ക് കൊണ്ടുവരുന്നത് എന്നും കോൺഗ്രസ് ചോദിക്കുന്നു.

ഗുജറാത്തിൽ കോൺഗ്രസിന്റെ ഗൃഹസന്ദർശന പരിപാടികൾ പുരോഗമിക്കുന്നതിനിടെയാണ് പ്രചരണത്തിനായി പാർട്ടിയുടെ ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരിട്ട് ഇറങ്ങുന്നത്. ഉച്ചയ്ക്ക് ശേഷം ദേദിയപാത, സൂറത്ത് എന്നിവിടങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ ഖാർഗെ പങ്കെടുക്കും. ഇന്നും നാളെയുമാണ് മല്ലികാർജുൻ ഖാർഗെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുക.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News