ഉത്തർ പ്രദേശ് പൊലീസ് നടപ്പാക്കുന്നത് യോഗിയുടെ നിയമവ്യവസ്ഥ : പി ചിദംബരം

Update: 2021-10-05 13:00 GMT
Advertising

ഉത്തർ പ്രദേശിൽ നിയമവ്യവസ്ഥയില്ലെമെന്നും യു.പി പൊലീസ് നടപ്പാക്കുന്നത് യോഗി ആദിത്യനാഥിൻറെ നിയമങ്ങളാണെന്നും കോൺഗ്രസ് നേതാവ് പി.ചിദംബരം. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിനെയും അദ്ദേഹം വിമർശിച്ചു.

ഉത്തർ പ്രദേശിൽ  നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരിയിലേക്കുള്ള യാത്രക്കിടെ സീതാപൂരിൽ വെച്ചാണ് പൊലീസ് പ്രിയങ്ക ഗാന്ധിയെ തടങ്കലിലാക്കിയത്. പ്രിയങ്ക ഗാന്ധിയെ തടങ്കലിൽ വെച്ച രീതി നോക്കിയാൽ തന്നെ ഉത്തർ പ്രദേശിൽ നിയമവ്യവസ്ഥയില്ലെന്ന് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

" ഒക്ടോബർ നാല് തിങ്കളാഴ്ച രാവിലെ നാലരക്കാണ് അവരെ അറസ്റ്റ് ചെയ്യുന്നത്. സീതാപൂരിലെ ഗസ്റ്റ് ഹൗസിലാണ് അവർ തടങ്കലിൽ വെച്ചത്. ജില്ലാ കളക്ടറും ജുഡീഷ്യൽ മജിസ്‌ട്രേറ്റും സീതാപൂരിലുണ്ടായിരുന്നു. അവരുടെ അറസ്റ്റും തടങ്കലും നിയമവിരുദ്ധവും അധികാര ദുർവിനിയോഗമാണ്." മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ പി.ചിദംബരം പറഞ്ഞു.

ഒരു സ്ത്രീയെയും സൂര്യോദയത്തിനു മുൻപോ സൂര്യാസ്തമയത്തിനു ശേഷമോ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നതാണ് ചട്ടമെന്നും പ്രിയങ്കയെ അറസ്റ്റ് ചെയ്യുന്നത് പുലർച്ചെ നാലരക്കാണെന്നും ഇത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News