'അച്ഛാ...ബിജെപിയോട് എന്തിനാണ് ഈ മൃദുസമീപനം, പാര്‍ട്ടിയെ കൂടുതൽ ലക്ഷ്യം വയ്ക്കണമായിരുന്നു'; കെസിആറിനെതിരെ രൂക്ഷവിമര്‍ശനവുമായി മകൾ കവിത
തെലുങ്കിലും ഇംഗ്ലീഷിലും എഴുതിയ കത്ത് ഏപ്രിൽ 27 ന് വാറങ്കലിൽ നടന്ന പാർട്ടിയുടെ രജത ജൂബിലി യോഗത്തെക്കുറിച്ചുള്ള പ്രതികരണമായിട്ടാണ് കണക്കാക്കുന്നത്
ഹൈദരാബാദ്: തെലങ്കാന മുൻമുഖ്യമന്ത്രിയും ബിആര്‍എസ് മേധാവിയും പിതാവുമായ കെ.ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷവിമര്‍ശനവുമായി മകൾ കെ.കവിത. ബിജെപിയോട് എന്തിനാണ് ഈ മൃദുസമീപനമെന്ന് കെസിആറിന് എഴുതിയ കത്തിൽ കവിത ചോദിച്ചു.
തെലുങ്കിലും ഇംഗ്ലീഷിലും എഴുതിയ കത്ത് ഏപ്രിൽ 27 ന് വാറങ്കലിൽ നടന്ന പാർട്ടിയുടെ രജത ജൂബിലി യോഗത്തെക്കുറിച്ചുള്ള പ്രതികരണമായിട്ടാണ് കണക്കാക്കുന്നത്. "താങ്കൾ വെറും രണ്ട് മിനിറ്റ് സംസാരിച്ചപ്പോൾ, ഭാവിയിൽ ബിജെപിയുമായി സഖ്യമുണ്ടാകുമെന്ന് ചിലർ ഊഹിക്കാൻ തുടങ്ങി. നിങ്ങൾ ബിജെപിക്കെതിരെ ശക്തമായി സംസാരിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് പോലും തോന്നി. ബിജെപി കാരണം ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ കൊണ്ടായിരിക്കാം അത്. പക്ഷേ, അച്ഛാ, നിങ്ങൾ ബിജെപിയെ കുറച്ചുകൂടി ലക്ഷ്യം വയ്ക്കണമായിരുന്നു." കവിത കത്തിൽ കുറിച്ചു. വഖഫ് ഭേദഗതി നിയമം, സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കെസിആര്‍ മൗനം പാലിച്ചത് പ്രവര്‍ത്തകരെ നിരാശയിലാക്കിയെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, 'ഓപ്പറേഷൻ കാഗർ' എന്ന വിഷയത്തിൽ കെസിആറിന്‍റെ ശക്തമായ നിലപാടിനെ അംഗീകരിക്കുകയും പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കായി ഒരു നിമിഷം മൗനമാചരിച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു. രജത ജൂബിലി യോഗത്തിന്റെ മൊത്തത്തിലുള്ള വിജയത്തിന് പിതാവിനെ അഭിനന്ദിച്ചുകൊണ്ടാണ് അവർ കത്ത് അവസാനിപ്പിച്ചത്.
എന്നാൽ കത്തിനെക്കുറിച്ച് കവിതയുടെ ഓഫീസോ കെസിആറിന്‍റെ ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കത്ത് സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ബിആര്‍എസും പ്രതികരിച്ചിട്ടില്ല. നിലവിലെ കോൺഗ്രസ് സർക്കാരിന് പൊതുജന പിന്തുണ നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ടുകൊണ്ട്, താഴെത്തട്ടിലുള്ള ചില ബിആർഎസ് അംഗങ്ങൾ ബിജെപിയെ ഒരു പ്രായോഗിക ബദലായി കാണാൻ തുടങ്ങിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.