ഹൈദരാബാദിൽ ഹോട്ടലില്‍ മുസ്‍ലിം യുവാക്കളെ ആക്രമിച്ചു; 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിച്ചതായും പരാതി
മുൻകൂട്ടി തയ്യാറാക്കിയ ആക്രമണമാണിതെന്നും തെരഞ്ഞെടുത്ത ആളുകളെയാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്നും പരിക്കേറ്റവർ
ഹൈദരാബാദ്: സൈബരാബാദിലെ റായ്ദുർഗാമിൽ മുസ്‍ലിം യുവാക്കളെ വലതുപക്ഷ സംഘടനകൾ ആക്രമിച്ചതായി പരാതി. യുവാക്കളെക്കൊണ്ട് ജയ്ശ്രീറാം മുദ്രാവാക്യം വിളിക്കാൻ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്.
വടികളും വാളുകളുമായി ചിലർ ഹോട്ടലിലേക്ക് കയറി പാൻ ഷോപ്പും ഹോട്ടലിലെ ഫർണിച്ചറുകളും നശിപ്പിച്ചതായി ആക്രമണത്തിന് ഇരയാവർ പറയുന്നു. മുസ്‍ലിം യുവാക്കളെ കണ്ടപ്പോൾ അക്രമികള്‍ അവിരെ പിന്തുടർന്ന് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. ആക്രമണത്തെക്കുറിച്ച് അറിഞ്ഞയുടനെ ഷെയ്ക്ക്പേട്ടിൽ നിന്നുള്ള യുവാക്കൾ സ്ഥലത്തെത്തി അക്രമികൾക്കെതിരെ മുദ്രാവാക്യം വിളിച്ചു.
വർഗീയ കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള മുൻകൂട്ടി തയ്യാറാക്കിയ ആക്രമണമാണിതെന്നും തെരഞ്ഞെടുത്ത ആളുകളെയാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്നും പരിക്കേറ്റവർ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അട്ടാപൂരിൽ കന്നുകാലി കടത്താരോപിച്ച് യുവാവ് ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.അട്ടാപൂരിലെ എൻ.എം. ഗുഡയിൽ, 'കതാർ ഗൗ രക്ഷാ ദൾ' അംഗങ്ങൾ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിക്കുകയും വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ അക്രമമുണ്ടായിരിക്കുന്നത്.
ബലി പെരുന്നാള്‍ ആഘോഷത്തിനിടെ മൃഗബലിയുമായി ബന്ധപ്പെട്ട് അട്ടാപൂരിലും മൈലാർദേവ്പള്ളിയിലും നടന്ന സംഘർഷങ്ങളിൽ 25 പേരെ സൈബരാബാദ് പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.ബക്രീദിന് മുമ്പും ശേഷവും ഹൈദരാബാദിൽ ഇത്തരം ആക്രമണങ്ങള്‍ ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും കോൺഗ്രസ് സർക്കാരിനു കീഴിൽ വലതുപക്ഷ ഘടകങ്ങളുടെ സാന്നിധ്യം വര്‍ധിച്ചുവരികയാണെന്നും ആക്ഷേപമുണ്ട്.