സമാധാന ചര്‍ച്ചകള്‍ക്കിടയിലും അലപ്പോയില്‍ ആക്രമണം തുടരുന്നു

Update: 2017-01-06 16:49 GMT
Editor : admin
സമാധാന ചര്‍ച്ചകള്‍ക്കിടയിലും അലപ്പോയില്‍ ആക്രമണം തുടരുന്നു

ദമാസ്കസ്, ലട്ടാക്കിയ പ്രവിശ്യകളില്‍ സമാധാനം പുനസ്ഥാപിക്കുമെന്ന സിറിയന്‍ സൈന്യത്തിന്‍റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് അലപ്പോയിലെ ആക്രമണം.

സിറിയന്‍ സമാധാന ചര്‍ച്ചകള്‍ക്കിടയിലും അലപ്പോയില്‍ അസദ് സൈന്യത്തിന്‍റെ ആക്രമണം തുടരുന്നു. ഇന്നലെ ചികിത്സാ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അതിനിടെ, ജനീവയിലെ സമാധാന ചര്‍ച്ചയിലെ പുരോഗതി വിലയിരുത്തുന്നതിനായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ യു.എന്‍ സ്ഥാനപതി സ്റ്റഫാന്‍ ഡി മിസ്തുറയുമായി കൂടിക്കാഴ്ച നടത്തി.

ദമാസ്കസ്, ലട്ടാക്കിയ പ്രവിശ്യകളില്‍ സമാധാനം പുനസ്ഥാപിക്കുമെന്ന സിറിയന്‍ സൈന്യത്തിന്‍റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് അലപ്പോയിലെ ആക്രമണം. എന്നാല്‍ അലപ്പോയെ കുറിച്ച് പ്രസ്താവനയില്‍ പരാമര്‍ശമില്ല. മേഖലയിലെ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് നേരെ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആക്രമണത്തില്‍ ചികിത്സാ കേന്ദ്രം പൂര്‍ണമായും നശിച്ചു.

Advertising
Advertising

അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ ആക്രമണത്തെ അപലപിച്ചു. സുതാര്യമായ അന്വേഷണം വേണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അല്‍ കുദ്സ് ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വിവിധ ആക്രമണങ്ങളിലായി 200 പേരാണ് കഴിഞ്ഞയാഴ്ച മാത്രം അലപ്പോയില്‍ കൊല്ലപ്പെട്ടത്. സമാധാന ചര്‍ച്ചകള്‍ക്കിടയിലും തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സൈന്യത്തിന്‍റെ നടപടിയെ ഐക്യരാഷ്ട്രസഭ രൂക്ഷമായി വിമര്‍ശിച്ചു.സര്‍ക്കാരും പ്രതിപക്ഷ കക്ഷികളും സാധാരണക്കാരുടെ ജീവനെ വിലകല്‍പ്പിക്കുന്നില്ലെന്ന് യു.എന്‍ ഹ്യൂമന്‍ റൈറ്റ്സ് ഹൈക്കമ്മീഷണര്‍ പറഞ്ഞു. അലപ്പോയില്‍ തുടരുന്ന ആക്രമണം സമാധാന ചര്‍ച്ചകള്‍ക്ക് ഭീഷണി യാണെന്ന് ജനീവയിലെ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന യു.എന്‍ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ഡി മിസ്തുര വിലയിരുത്തി. പ്രശ്നപരിഹാരത്തിനായി അമേരിക്കയും റഷ്യയും ഫലപ്രദമായി ഇടപെടണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News