തെക്കന്‍ സുഡാനിലെ എംബസികളില്‍ നിന്ന് രാജ്യങ്ങള്‍ ഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്നു

Update: 2017-06-16 08:38 GMT
Editor : admin
തെക്കന്‍ സുഡാനിലെ എംബസികളില്‍ നിന്ന് രാജ്യങ്ങള്‍ ഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്നു
Advertising

ജപ്പാനും തങ്ങളുടെ ഉദ്യോഗസ്ഥരോട് തിരികെയെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

സംഘര്‍ഷം രൂക്ഷമായതോടെ തെക്കന്‍ സുഡാനിലെ എംബസികളില്‍ നിന്ന് കൂടുതല്‍ രാജ്യങ്ങള്‍ ഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്നു. ഇന്നലെയുണ്ടായ ആക്രമണങ്ങളില്‍ ചൈനക്കാരായ 2 യുഎന്‍ സമാധാനപാലര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാരും വിമത വിഭാഗവും പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പൂര്‍ണ്ണതോതില്‍ ഫലംകണ്ടില്ല.

തെക്കന്‍ സുഡാനില്‍ വൈസ് പ്രസിഡന്റ്‌ റീക് മച്ചറിനോട് കൂറ് പുലര്‍ത്തുന്നവരും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സാധാരണക്കാരടക്കം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇന്നലെയുണ്ടായ ആക്രമണങ്ങളില്‍ ചൈനക്കാരായ 2 യുഎന്‍ സമാധാനപാലരും കൊല്ലപ്പെട്ടു. ഈ സാഹചര്യത്തില്‍ ജൂബയില്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പാണ് അമേരിക്ക നല്‍കുന്നത്. അമേരിക്കക്ക് പുറമേ ജപ്പാനും തങ്ങളുടെ ഉദ്യോഗസ്ഥരോട് തിരികെയെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

250-300 ഇന്ത്യക്കാര്‍ സുഡാനിലുണ്ട്. ഇവര്‍ സുരക്ഷിതരാണെന്നും ഇന്ത്യക്കാര്‍ക്ക് എല്ലാ സഹായവും എത്തിക്കുമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. സംഘര്‍ഷം ഭയന്ന് മേഖലയിലെ ജനങ്ങള്‍ കൂട്ടത്തോടെ പലായനം നടത്തുകയാണ് എന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. അക്രമസംഭവങ്ങളില്‍ ശക്തമായി അപലപിച്ച ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇരു വിഭാഗവും അടിയന്തരമായി ആക്രമണങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു.

ഇതേ തുടര്‍ന്നാണ് താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇരു വിഭാഗവും തയ്യാറായത്. പ്രസി‍ഡന്റ് സാല്‍വാ കീര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനോട് സഹകരിക്കുമെന്ന് വൈസ് പ്രസിഡന്റ് റീക് മച്ചറും അറിയിച്ചു. എന്നാല്‍ വെടിനിര്‍ത്തല്‍ പൂര്‍ണതോതില്‍ ഫലവത്തായിലെലന്നും അങ്ങിങ്ങ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതായി പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News