ഫ്ലൈ ദുബൈ അപകടത്തിന് കാരണം പൈലറ്റുമാരുടെ പിഴവെന്ന് റിപ്പോര്‍ട്ട്

Update: 2017-06-20 00:45 GMT
Editor : admin
ഫ്ലൈ ദുബൈ അപകടത്തിന് കാരണം പൈലറ്റുമാരുടെ പിഴവെന്ന് റിപ്പോര്‍ട്ട്

ഇന്‍റര്‍സ്റ്റേറ്റ് ഏവിയേഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്

റഷ്യയിലെ റോസ്തോവ് ഓണ്‍ഡോണില്‍ രണ്ട് മലയാളികള്‍ അടക്കം 62 പേരുടെ മരണത്തിനിടയാക്കിയ ഫ്ലൈ ദുബൈ അപകടത്തിന് കാരണം പൈലറ്റുമാരുടെ പിഴവെന്ന് ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്. റഷ്യന്‍ അന്വേഷണ ഏജന്‍സിയായ ഇന്‍റര്‍സ്റ്റേറ്റ് ഏവിയേഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഫ്ലൈ ദുബൈ കമ്പനി അറിയിച്ചു.

മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗത്തില്‍ 50 ഡിഗ്രി കോണിലാണ് വിമാനം റണ്‍വേയില്‍ മൂക്കുകുത്തി പൊട്ടിത്തെറിച്ചതെന്ന് ബ്ളാക്ക് ബോക്സിലെ വിവരങ്ങള്‍ അപഗ്രഥിച്ച് ഇന്‍റര്‍സ്റ്റേറ്റ് ഏവിയേഷന്‍ കമ്മിറ്റി തയാറാക്കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഒരു തവണ വിമാനം ലാന്‍ഡിങ് ശ്രമം ഉപേക്ഷിച്ചിരുന്നു. രണ്ടുമണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നശേഷം രണ്ടാമതും ഇറങ്ങാന്‍ ശ്രമം നടത്തി. രണ്ടുതവണയും വിമാനം പൈലറ്റുമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു (ഓട്ടോ പൈലറ്റ് സംവിധാനത്തില്‍ അല്ലായിരുന്നു). രണ്ടാംതവണ നിലം തൊടാന്‍ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെ പൈലറ്റ് വീണ്ടും വിമാനം ഉയര്‍ത്താന്‍ ശ്രമിച്ചു. ഈ സമയം വിമാനം തറനിരപ്പില്‍ നിന്ന് 220 മീറ്റര്‍ ഉയരത്തിലും റണ്‍വേയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലത്തിലുമായിരുന്നു. 900 മീറ്റര്‍ ഉയരത്തില്‍ എത്തിയപ്പോള്‍ പൈലറ്റ് വിമാനത്തിന്റെ വാലിലുള്ള ഗതി നിയന്ത്രണ സംവിധാനം പ്രവര്‍ത്തിപ്പിച്ചു. എന്നാല്‍ അബദ്ധവശാല്‍ ഇത് അഞ്ച് ഡിഗ്രി താഴേക്കുള്ളതായിപ്പോയി. വിമാനം അതിവേഗം കൂപ്പുകുത്താന്‍ തുടങ്ങി. പൈലറ്റുമാര്‍ വിമാനം ഉയര്‍ത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ച വിമാനം 50 ഡിഗ്രി കോണില്‍ റണ്‍വേയില്‍ ഇടിച്ചിറങ്ങി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Advertising
Advertising

വിമാനാപകടം പൂര്‍ണമായും ദൃശ്യവത്കരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. റഷ്യയിലെയും അമേരിക്കയിലെയും യു.എ.ഇയിലെയും വിദഗ്ധ പൈലറ്റുമാരുടെ സഹായം ഇതിനുണ്ട്. കോക്പിറ്റിലെ രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുള്ള സംഭാഷണങ്ങള്‍ വോയിസ് റെക്കോഡറില്‍ നിന്ന് ശേഖരിച്ച് അപഗ്രഥിച്ചുവരികയാണ്. ഇംഗ്ളീഷ്, സ്പാനിഷ് ഭാഷകളിലാണ് പൈലറ്റുമാര്‍ സംസാരിച്ചത്. കൃത്യമായ വിവരം ലഭിക്കാന്‍ സ്പെയിനില്‍ നിന്നുള്ള വിദഗ്ധരുടെ സേവനം തേടാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഇന്‍റര്‍സ്റ്റേറ്റ് ഏവിയേഷന്‍ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടുവെന്നും കൂടുതല്‍ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണെന്നും ഫൈ്ളദുബൈ സി.ഇ.ഒ ഗൈത് അല്‍ ഗൈത് പ്രതികരിച്ചു. യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News