സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം: 60ലേറെ സൈനികര്‍ കൊല്ലപ്പെട്ടു

Update: 2018-03-14 01:35 GMT
സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം: 60ലേറെ സൈനികര്‍ കൊല്ലപ്പെട്ടു

ഐഎസിനെതിരെ പോരാടുന്ന സര്‍ക്കാര്‍ സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് റഷ്യ വ്യക്തമാക്കി

സിറിയയില്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ വ്യോമാക്രമത്തില്‍ 60ലേറെ സൈനികര്‍ കൊല്ലപ്പെട്ടു. ഐഎസിനെതിരെ പോരാടുന്ന സര്‍ക്കാര്‍ സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് റഷ്യ വ്യക്തമാക്കി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച അമേരിക്ക വ്യോമാക്രമണം നിര്‍ത്തിവെച്ചതായി അറിയിച്ചു. സംഭവത്തില്‍ യുഎന്‍ ഇടപെടണമെന്ന് റഷ്യ ആവശ്യപ്പെട്ടു.

കിഴക്കന്‍ സിറിയയിലെ ദേര്‍ അസ് സോര്‍ വിമാനത്താവളത്തിന് സമീപത്തെ സൈനിക ആസ്ഥാനത്താണ് വ്യോമാക്രമണമുണ്ടായത്. ഐഎസിനെതിരായി പോരാടുന്നവരാണ് കൊല്ലപ്പെട്ട സൈനികര്‍. നിരവധി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് വ്യക്തമാക്കി. ഇറാഖിന്റെ വ്യോമമേഖലയില്‍ നിന്ന് കടന്നുവന്ന അമേരിക്കന്‍ സഖ്യസേനയുടെ വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് റഷ്യ ആരോപിച്ചു.

Advertising
Advertising

കയ്യബദ്ധം സംഭവിച്ചതാണെന്ന് പറഞ്ഞ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ യുഎസിനാകില്ലെന്നും റഷ്യ വ്യക്തമാക്കി. എന്നാല്‍ മേഖലയില്‍ സിറിയന്‍ സേനയുടെ സാന്നിധ്യമുള്ള വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് സഖ്യസേനയുടെ വാദം. ഐഎസിനെതിരെയാണ് വ്യോമാക്രമണം നടത്തിയത്. സൈനികരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞയുടന്‍ തന്നെ നടപടികള്‍ നിര്‍ത്തിവെച്ചതായും അമേരിക്ക അറിയിച്ചു.

ഈദ് ദിനത്തിലാണ് സിറിയയില്‍ ഐഎസിനെതിരായ പോരാട്ടം ശക്തമാക്കാനും സംയുക്ത സഹകരണത്തോടെയുള്ള വെടിനിര്‍ത്തലും പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിന്‍റെ തുടര്‍ച്ചയായ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത്.

Tags:    

Similar News