ബച്ചന്‍, ഐശ്വര്യ റായ് അടക്കമുള്ള ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം അന്വേഷിക്കാന്‍ പ്രത്യേക സംഘം

Update: 2018-04-09 00:11 GMT
Editor : admin
ബച്ചന്‍, ഐശ്വര്യ റായ് അടക്കമുള്ള ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം അന്വേഷിക്കാന്‍ പ്രത്യേക സംഘം

പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജന്‍സിയെ ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച 500 ഇന്ത്യക്കാരെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന പനാമയിലെ ധനകാര്യ സ്ഥപനത്തില്‍ പണം നിക്ഷേപിച്ച പ്രമുഖരുടെ പട്ടിക പുറത്തായി. ഇന്ത്യയില്‍ നിന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ , ഐശ്വര്യ റായി , വിനോദ് അദാനി, കെപി. സിംഗ് തുടങ്ങി വ്യവസായിക, സിനിമ രാഷ്ടീയ രംഗത്തെ 500 പേരാണ് പട്ടികയിലുള്ളത്. വിഷയം സംയുക്ത അന്വേഷണ സമിതി പരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

മധ്യ തെക്കന്‍ അമേരിക്കന്‍ രാജ്യമായ പനാമയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിപ്പ് നടത്തുന്നതിനും സഹായവും ഉപദേശവും നല്‍കി പ്രവര്‍ത്തിക്കുന്ന മൊസ്സാക് ഫോന്‍സേക എന്ന സ്ഥാപനത്തിലെ വിവരങ്ങളാണ് ചോര്‍ന്നത്, അന്താരാഷ്ട്ര രഹസ്യാന്വേഷണ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയാണ് ഫയലുകള്‍ ചോര്‍ത്തിയത്. അമിതാബ് ബച്ചന് ബഹാമസിലെ നാല് ഷിപ്പിംഗ് കമ്പനികളിലും ഐശര്യ റായിക്ക് ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡി ല്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലും നിക്ഷേപം ഉണ്ടെന്ന് രേഖകള്‍ പറയുന്നു. ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി,അദ്ദേഹത്തിന്റെ 9 കുടുംബാംഗങ്ങള്‍ ,ഡി.എല്‍. എഫ് ഉടമ കെ.പി സിങ്, ഇന്ത്യ ബുള്‍സ് ഉടമ സമീര്‍ ഗെഹ്‌ലോട്ട് തുടങ്ങി വ്യവസായിക രംഗത്തെ പ്രമുഖരും പട്ടികയിലുണ്ട്. പനാമ അക്കൌണ്ടുകളെ കുറിച്ച് അന്വേഷിക്കുമെന്നും ഇവയിലെ കള്ളപ്പണ നിക്ഷേപത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ധന മന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞു.

Advertising
Advertising

50 രാജ്യങ്ങളിലെ 140 രാഷ്ട്രീയ നേതാക്കളുടെ പേരാണ് ചോര്‍ന്ന പട്ടികയിലുള്ളത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുടെ ബന്ധുക്കളുടെ പേരുകള്‍ പട്ടികയിലുണ്ട്. ഇന്ത്യക്കാരായ രാഷ്ട്രീയ പ്രമുഖരുടെ ബിനാമികളും ഉള്‍പ്പെട്ടതായാണ് വിവരം. ലയണല്‍ മെസി, മിഷേല്‍ പ്ലാറ്റിനി, എന്നിവരടക്കം അര്‍ജന്റിന ബ്രസീല്‍, ഉറുഗ്വെ, ഇംഗ്ലണ്ട്, തുര്‍ക്കി, സ്വീഡന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ താരങ്ങളുടെ പേരുകളും പട്ടികയിലുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News