അമേരിക്കക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി തുര്‍ക്കി

Update: 2018-04-25 15:07 GMT
Editor : Ubaid
അമേരിക്കക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി തുര്‍ക്കി

കഴിഞ്ഞ വര്‍ഷമുണ്ടായ പട്ടാള അട്ടിമറി ശ്രമവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ തുര്‍ക്കിയില്‍ അറസ്റ്റ് ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം

കുടിയേറ്റിതര വിസ നടപടികള്‍ നിര്‍ത്തിവെച്ച അമേരിക്കക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി തുര്‍ക്കി. രാജ്യത്തിന്റെ സുരക്ഷ പരിഗണിച്ച് തുര്‍ക്കിയിലേക്ക് വരുന്ന അമേരിക്കന്‍ പൌരന്മാരുടെ വിസ നടപടികള്‍ നിര്‍ത്തിവെച്ചു. തുര്‍ക്കിയുമായുള്ള വിസ നടപടികള്‍ നിര്‍ത്തിവെക്കുന്നതായി അമേരിക്ക അറിയിച്ചതിന് പിന്നാലെയാണ് തുര്‍ക്കിയുടെ നടപടി.

കഴിഞ്ഞ വര്‍ഷമുണ്ടായ പട്ടാള അട്ടിമറി ശ്രമവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ തുര്‍ക്കിയില്‍ അറസ്റ്റ് ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അറസ്റ്റ് അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ചാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും അമേരിക്ക കുറ്റപ്പെടുത്തി. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ തുര്‍ക്കി പൌരനേയാണ് അറസ്റ്റ് ചെയ്തതെന്ന് തുര്‍ക്കി വാര്‍ത്ത ഏജന്‍സി അനാദൊലു റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അറസ്റ്റിനെ തുടര്‍ന്ന് തുര്‍ക്കിയിലേക്കുള്ള കുടിയേറ്റിതര വിസ നടപടികള്‍ നിര്‍ത്തിവെക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചു. എംബസിയിലേയും കോണ്‍സുലേറ്റിലേയും സന്ദര്‍ശകരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായി കുടിയേറ്റിതര വിസ നടപടികള്‍ ഉടന്‍ നിര്‍ത്തിവെക്കുന്നു എന്നായിരുന്നു അമേരിക്കയുടെ പ്രസ്താവന. എന്നാല്‍ അമേരിക്കയുടെ നടപടിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയായിരുന്നു തുര്‍ക്കി. പ്രസ്താവനയില്‍ തുര്‍ക്കിയുടേയും അമേരിക്കയുടേയും പേരുകള്‍ പരസ്പരം മാറ്റി ഉള്ളടക്കത്തില്‍ യാതൊരു മാറ്റവുമില്ലാത്ത പ്രസ്താവന തുര്‍ക്കിയിറക്കി. തുര്‍ക്കിയലേക്കുള്ള വിസ നടപടികള്‍ നിര്‍ത്തിവെക്കുന്നതായി അറിയിച്ചു.

വിനോദ സഞ്ചാരികള്‍, ചികിത്സ, ബിസിനസ്, പഠനം, താത്ക്കാലിക ജോലികള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്കെല്ലാം ഇഷ്യൂ ചെയ്യുന്നത് കുടിയേറ്റിതര വിസകളാണ്.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News