അമേരിക്കന്‍ - ക്യൂബ ബന്ധത്തില്‍ വീണ്ടും വിള്ളല്‍; ട്രംപിനെ വിമര്‍ശിച്ച് റൌള്‍ കാസ്ട്രോ

Update: 2018-04-27 01:31 GMT
Editor : Jaisy
അമേരിക്കന്‍ - ക്യൂബ ബന്ധത്തില്‍ വീണ്ടും വിള്ളല്‍; ട്രംപിനെ വിമര്‍ശിച്ച് റൌള്‍ കാസ്ട്രോ

ക്യൂബക്ക് മേല്‍ വീണ്ടും ഉപരോധമേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്ക് ശേഷം ഇതാദ്യമായാണ് റൌള്‍ പരസ്യ പ്രതികരണം നടത്തുന്നത്

അമേരിക്കന്‍ - ക്യൂബ ബന്ധത്തില്‍ വീണ്ടും വിള്ളലുണ്ടായതില്‍ ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാക്കുന്നതാണ് ട്രംപിന്റെ നിലപാടുകളാണെന്ന് കാസ്ട്രോ കുറ്റപ്പെടുത്തി. ക്യൂബക്ക് മേല്‍ വീണ്ടും ഉപരോധമേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്ക് ശേഷം ഇതാദ്യമായാണ് റൌള്‍ പരസ്യ പ്രതികരണം നടത്തുന്നത്.

ക്യൂബക്ക് സാമ്പത്തിക ഉപരോധം കര്‍ശനമാക്കിയും യാത്രാ നിയന്ത്രണം പുതുക്കിയും ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് റൌള്‍ കാസ്ട്രോ വിമര്‍ശവുമായി രംഗത്തെത്തിയത്. ക്യൂബയുമായുള്ള ബന്ധത്തില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടേതിന് വിരുദ്ധമായ നിലപാടുകളാണ് ട്രംപ് സ്വീകരിക്കുന്നതെന്ന് റൌള്‍ കുറ്റപ്പെടുത്തി. ട്രംപിന്റെ പരാമര്‍ശങ്ങള്‍ ക്യൂബയുമായി അമേരിക്ക രണ്ട് വര്‍ഷമായി പുലര്‍ത്തുന്ന ബന്ധത്തിന് തിരിച്ചടിയാണ്.

Advertising
Advertising

ക്യൂബന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് റൌളിന്റെ വിമര്‍ശം. ട്രംപിന്റെ പുതിയ നടപടികള്‍ ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും ഒരു ശീതയുദ്ധത്തിന് വഴിയൊരുക്കുന്നതാണെന്ന് കാസ്ട്രോ കുറ്റപ്പെടുത്തി. ക്യൂബന്‍ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ഫലപ്രദമാകില്ലെന്നും ക്യൂബന്‍ പ്രസിഡന്റ് ട്രംപിന് മുന്നറിയിപ്പ് നല്‍കി. ട്രാന്‍സ്- ക്യൂബയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അത് തടയും. സമ്മര്‍ദ്ദമുപയോഗിച്ചോ, ബലം പ്രയോഗിച്ചോ അത് സാധിക്കില്ല. അത് ക്യൂബ പരാജയപ്പെടുത്തിയിരിക്കും.

മനുഷ്യാവകാശങ്ങളുടെ പേരില്‍ യുഎസില്‍ നിന്നോ മറ്റ് രാജ്യങ്ങളില്‍ നിന്നോ പാഠങ്ങള്‍ പഠിക്കേണ്ട ആവശ്യമില്ലെന്നും കാസ്ട്രോ പറ‍ഞ്ഞു. അമേരിക്കയുമായുള്ള ബന്ധത്തില്‍ സുതാര്യമായ നിലപാടാണ് ക്യൂബ എന്നും സ്വീകരിച്ചിട്ടുള്ളതെന്നും കാസ്ട്രോ ഓര്‍മപ്പെടുത്തി.
അഭിപ്രായ ഭിന്നതകളറിഞ്ഞ് പരസ്പരം സഹകരിച്ച് പോകാന്‍ കഴിയുന്ന രാജ്യങ്ങളാണ് അമേരിക്കയും ക്യൂബയുമെന്നും എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കാസ്ട്രോ വ്യക്തമാക്കി. കാസ്ട്രോയുടെ പരസ്യ പ്രതികരണത്തിന് ശേഷമുള്ള ട്രംപിന്റെ നിലപാട് ഏറെ നിര്‍ണായകമാകും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News