ഹ്യൂഗോ ഷാവേസ് അന്തരിച്ചിട്ട് ഇന്ന് നാല് വര്‍ഷം

Update: 2018-04-30 16:10 GMT
Editor : Muhsina
ഹ്യൂഗോ ഷാവേസ് അന്തരിച്ചിട്ട് ഇന്ന് നാല് വര്‍ഷം

വെനസ്വേല മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അന്തരിച്ചിട്ട് ഇന്ന് നാല് വര്‍ഷം പൂര്‍ത്തിയാകുന്നു. മുതലാളിത്ത രാഷ്ട്രങ്ങളുടെ സാന്പത്തിക താല്‍പര്യത്തില്‍ അധിഷ്ഠിതമായ നയങ്ങളോട് നിരന്തരം കലഹിക്കുകയും സോഷ്യലിസ്റ്റ് ബദല്‍ സാധ്യമാണെന്ന് തെളിയിക്കുകയും ചെയ്ത രാഷ്ട്ര നേതാവായിരുന്നു ഷാവേസ്.

വെനസ്വേല മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അന്തരിച്ചിട്ട് ഇന്ന് നാല് വര്‍ഷം പൂര്‍ത്തിയാകുന്നു. മുതലാളിത്ത രാഷ്ട്രങ്ങളുടെ സാന്പത്തിക താല്‍പര്യത്തില്‍ അധിഷ്ഠിതമായ നയങ്ങളോട് നിരന്തരം കലഹിക്കുകയും സോഷ്യലിസ്റ്റ് ബദല്‍ സാധ്യമാണെന്ന് തെളിയിക്കുകയും ചെയ്ത രാഷ്ട്ര നേതാവായിരുന്നു ഷാവേസ്. അദ്ദേഹം അവതരിപ്പിച്ച ഷാവിസ്മോ ഭരണശൈലി ഏറെ സ്വാഗതംചെയ്യപ്പെട്ടെങ്കിലും വിമര്‍ശനങ്ങള്‍ക്ക് അതീതനായിരുന്നില്ല ഷാവേസ്.

Advertising
Advertising

സാമ്രാജ്യത്വ ശക്തികളുടെ സഖ്യങ്ങള്‍ക്ക് ബദലായി സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാനും സാമ്രാജ്യത്വത്തിന് സോഷ്യലിസ്റ്റ് ബദല്‍ സാധ്യമാണെന്ന് തെളിയിക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു ഹ്യൂഗോ ഷാവേസ്. അന്താരാഷ്ട്ര വേദികളില്‍ സാമ്രാജ്യത്വ ശക്തികളെ തുറന്നെതിര്‍ക്കാനും അദ്ദേഹം മടികാണിച്ചിട്ടില്ല. ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്ട്രോ ഷാവേസിന് ആരാധ്യനും ബൊളീവിയന്‍ ആശയങ്ങള്‍ മാര്‍ഗരേഖകളുമായിരുന്നു.

സ്കൂള്‍ അധ്യാപകരുടെ മകനായി ജനിക്കുകയും പിന്നീട് സൈന്യത്തിലെത്തുകയും പട്ടാള അട്ടിമറിക്ക് ശ്രമം നടത്തി പിടിയിലാവുകയും 45മത് വയസ്സില്‍ രാജ്യത്തെ പ്രസിഡന്റ് പദവിലെത്തുകയും ചെയ്ത സംഭവബഹുല ജീവിതമാണ് ഷാവേസിന്റേത്. രാജ്യത്തെ പ്രമുഖ പാര്‍ട്ടികള്‍ ധാരണയെത്തിയ പുണ്‍ടോ ഫിജോ പാക്ട് കരാര്‍ രാജ്യത്തിന്റെ സന്പത്ത് കൊള്ളയടിക്കാനുള്ളതാണെന്ന് ആരോപിച്ചാണ് ഷാവേസിന്റെ നേതൃത്വത്തില്‍ 1992 ല്‍ വിഫലമായ അട്ടിമറിശ്രമം നടന്നത്.

രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം ജയില്‍ മോചിതനായി. പിന്നീട്ഫിഫ്ത് റിപ്പബ്ലിക് മൂവ്മെന്റ് എന്ന സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. 1998, 2000, 2006, 2012 വര്‍ഷങ്ങളില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഒടുവിലത്തെ തവണ സത്യപ്രതിജ്ഞചെയ്യാന്‍ ഷാവേസിനായില്ല. അര്‍ബുദ ബാധയെതുടര്‍ന്ന് 2013 മാര്‍ച്ച് 5 ന് അദ്ദേഹം അന്തരിച്ചു.

നിരവധി സ്ഥാപനങ്ങളെ പൊതുമേഖലയില്‍ കൊണ്ടുവരികയും ഭക്ഷണം, പാര്‍പ്പിടം, ചികിത്സ മുതലായ അടിസ്ഥാന പ്രശ്നങ്ങളില്‍ ഉദാര സമീപനം സ്വീകരിച്ചും അദ്ദേഹം ജനങ്ങളില്‍ ജീവിച്ചു. അവസാന നാളുകളില്‍ എണ്ണവില തകര്‍ച്ചയെ തുടര്‍ന്ന് ഷാവേസിന്റെ നയപരിപാടികള്‍ താളംതെറ്റിയപ്പോള്‍ അദ്ദേഹം വിമര്‍ശിക്കപ്പെട്ടു. സൈന്യത്തിനും പൊലീസിനും സര്‍വാധികാരം കല്‍പ്പിക്കപ്പെട്ടിരുന്ന ഷാവേസിന്റെ ഭരണകാലത്ത് നിരവധി മനുഷ്യാവകാശ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News