യുഎന്‍ ഇസ്രായേല്‍ വിരുദ്ധ സമീപനം നിര്‍ത്തിയില്ലെങ്കില്‍ കൌണ്‍സില്‍ വിടുമെന്ന ഭീഷണിയുമായി ട്രംപ് ഭരണകൂടം

Update: 2018-05-13 14:32 GMT
യുഎന്‍ ഇസ്രായേല്‍ വിരുദ്ധ സമീപനം നിര്‍ത്തിയില്ലെങ്കില്‍ കൌണ്‍സില്‍ വിടുമെന്ന ഭീഷണിയുമായി ട്രംപ് ഭരണകൂടം

ഇത്തരമൊരു കൌണ്‍സിലില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും യു എസ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി

യുഎന്‍ മനുഷ്യാവകാശ കൌണ്‍സിലിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക. ഐക്യരാഷ്ട്ര സഭ തുടര്‍ച്ചയായി ഇസ്രായേല്‍ വിരുദ്ധ സമീപനമെടുക്കുന്നുവെന്നാണ് ഡോണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. മനുഷ്യാവകാശ കൊണ്‍സിലിലെ തങ്ങളുടെ അംഗത്വം പുനഃപ്പരിശോധിക്കുമെന്നും വൈറ്റ്ഹൌസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

യുഎന്‍ മനുഷ്യാവകാ കൌണ്‍സിലില്‍ സംസാരിക്കുമ്പോഴാണ് യു എസ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി എറിന്‍ ബാര്‍ക്ലേ ഇസ്രായേലിനോടുള്ള തങ്ങളുടെ പക്ഷപാതിത്വം തുറന്ന് പ്രകടിപ്പിച്ചത്. യുദ്ധക്കുറ്റങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും പേരില്‍ ഇസ്രായേലിനെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നത് യുഎന്‍ മനുഷ്യാവകാശ കൊണ്‍സിലിന്റെ ഫലസ്തീന്‍ പക്ഷപാതിത്വത്തിന് തെളിവാണെന്നാണ് യുഎസ് ആരോപണം. സിറിയയും ഇറാനും ഉത്തര കൊറിയയുമെല്ലാമുണ്ടായിരിക്കെ ഇസ്രായേലിനെ മാത്രം നോക്കിക്കൊണ്ടിരിക്കുന്നത് കൌണ്‍സിലിന്റെ ഇസ്രായേല്‍ വിരുദ്ധത കാരണമാണ്. ഇത്തരമൊരു കൌണ്‍സിലില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും അവര്‍ പറഞ്ഞു

Advertising
Advertising

ഇസ്രായേല്‍ പോലൊരു ജനാധിപത്യ രാഷ്ട്രത്തെ നീതിരഹിതമായും പക്ഷപാതരമായും വിമര്‍ശിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ യുഎസ് പ്രതിനിധി, യു എന്‍ മനുഷ്യാവകാശ കൌണ്‍സില്‍ തങ്ങളുടെ നിലപാട് പുനപ്പരിശോധിക്കുന്ന മുറക്ക് മാത്രമെ കൌണ്‍സില്‍ അംഗത്വത്തെ കുറിച്ച് അമേരിക്ക ഇനി ആലോചിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പരിക്കേറ്റു കിടന്ന ഫലസ്തീന്‍ യുവാവിനെ വെടിവെച്ചു കൊന്ന ഇസ്രായേല്‍ സൈനികന് നിസ്സാര ശിക്ഷ വിധിച്ചതിലും അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനവുമടക്കം നിരവധി വിഷയങ്ങളില്‍ ഇസ്രായേലിനെ അടുത്തിടെ യു എന്‍ മനുഷ്യാവകാശ കൌണ്‍സില്‍ വിമര്‍ശിച്ചിരുന്നു. ഇതാണ് കടുത്ത ഇസ്രായേല്‍ പക്ഷപാതിയായി കരുതപ്പെടുന്ന ഡോണ്‍ഡ് ട്രംപിനെയും സര്‍ക്കാറിനെയും പ്രകോപിപ്പിച്ചത് എന്നാണ് സൂചന.

Similar News