ട്രംപിന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ പൊതുവേദിയില്‍ മെലാനിയ ട്രംപ്

Update: 2018-05-28 14:06 GMT
Editor : Alwyn K Jose
ട്രംപിന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ പൊതുവേദിയില്‍ മെലാനിയ ട്രംപ്

താന്‍ അറിയുന്ന ട്രംപിനെയല്ല വീഡിയോയില്‍ കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം മാപ്പ് പറഞ്ഞതിനാല്‍ തുടര്‍ന്നും അദ്ദേഹത്തോടൊപ്പം നില്‍ക്കുമെന്നും മെലാനിയ പറഞ്ഞു.

അമേരിക്കയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ അശ്ലീല പരാമര്‍ശം ശരിയായില്ലെന്ന് ഭാര്യ മെലാനിയ ട്രംപ്. താന്‍ അറിയുന്ന ട്രംപിനെയല്ല വീഡിയോയില്‍ കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം മാപ്പ് പറഞ്ഞതിനാല്‍ തുടര്‍ന്നും അദ്ദേഹത്തോടൊപ്പം നില്‍ക്കുമെന്നും മെലാനിയ പറഞ്ഞു. വീഡിയോ വിവാദമായ ശേഷം ആദ്യമായാണ് മെലാനിയ പരസ്യമായി പ്രതികരിക്കുന്നത്.

വിവാദ വീഡിയോക്ക് പിന്നാലെ ഡൊണാള്‍ട് ട്രംപിനെതിരെ ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് മെലാനിയ ട്രംപിന്റെ പ്രതികരണം. ട്രംപ് മാപ്പ് പറഞ്ഞിരിക്കെ തുടര്‍ന്നും അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നും തന്നോട് ഒരിക്കല്‍ പോലും മോശമായി പെരുമാറിയിട്ടില്ലെന്നും മെലാനിയ പറഞ്ഞു. തന്റെ മോഡലിങ് ചിത്രങ്ങള്‍ ഉയര്‍ത്തി ഹിലരി ക്ലിന്റണ്‍ നടത്തുന്ന വിമര്‍ശനങ്ങളെയും മെലാനിയ പ്രതിരോധിച്ചു. വിവാദ വീഡിയോ പുറത്ത് വന്നത് ഡൊണാള്‍ഡ് ട്രംപിന് പ്രചാരണ രംഗത്ത് വന്‍ തിരിച്ചടിയാണുണ്ടാക്കിയത്. 2005 ല്‍ സ്ത്രീകളുടെ അനുമതിയില്ലാതെ അവരെ സ്പര്‍ശിക്കുകയും ചുംബിക്കുകയും അശ്ലീലപരാമര്‍ശം നടത്തുകയും ചെയ്യുന്നതായിരുന്നു വീഡിയോ. ഇതിന് പിന്നാലെ കൂടുതല്‍ സ്ത്രീകള്‍ അദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ജനസമ്മിതിയിലും ട്രംപ് പിറകിലേക്ക് പോകാന്‍ ഇത് കാരണമായി. ജനസമ്മിതിയില്‍ ഇരുവര്‍ക്കുമിടയില്‍ ആറ് ശതമാനത്തിലധികം വ്യത്യാസമാണ് ഇപ്പോഴുള്ളത്. ഹിലരി 45 മുതല്‍ 50 ശതമാനം വരെ വോട്ട് നേടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ ജനസമ്മിതി 40 ശതമാനത്തിന് താഴെയാണിപ്പോള്‍. നാളെ നടക്കുന്ന അവസാന പ്രസിഡന്‍ഷ്യല്‍ സംവാദം ഇരുവര്‍ക്കും ഏറെ നിര്‍ണായകമാകും.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News