ചൈനയുടെ 'സ്വര്‍ഗത്തിലെ കൊട്ടാരം' ഭൂമിയിലേക്ക് പതിക്കുന്നു, കേരളവും അപകടമേഖലയില്‍

Update: 2018-06-02 02:26 GMT
Editor : Subin
ചൈനയുടെ 'സ്വര്‍ഗത്തിലെ കൊട്ടാരം' ഭൂമിയിലേക്ക് പതിക്കുന്നു, കേരളവും അപകടമേഖലയില്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ് 1979ല്‍ അമേരിക്കയുടെ ആദ്യ ബഹിരാകാശ നിലയം സ്‌കൈലാബും സമാനമായ ഭീതി സൃഷ്ടിച്ചശേഷം ഭൂമിയിലേക്ക് തകര്‍ന്നു വീണിരുന്നു...

ചൈനയുടെ പരീക്ഷണ ബഹിരാകാശ നിലയമായ ടിയാങ്‌ഗോങ് 1 നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുമെന്ന് മുന്നറിയിപ്പ്. ചൈനീസ് ബഹിരകാശ നിലയം അടുത്തവര്‍ഷം ജനുവരിക്കും മാര്‍ച്ചിനും ഇടയ്ക്ക് ഭൂമിയില്‍ ഇടിച്ചിറങ്ങുമെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ടിയാങ്‌ഗോങ് 1 ഇടിച്ചിറങ്ങാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ കേരളവും ഉള്‍പ്പെടുന്നു.

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വരുന്ന മുറയ്ക്ക് ബഹിരാകാശ നിലയത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തിനശിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ പൂര്‍ണ്ണമായും നശിക്കാത്ത ഭാഗങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്ന മുന്നറിയിപ്പാണ് ഭീതിക്ക് കാരണമാകുന്നത്. ഏഷ്യന്‍ നഗരങ്ങളായ ബീജിംങ്, ടോകിയോ, ബാങ്കോക്ക്, സിംഗപൂര്‍, ഡല്‍ഹി തുടങ്ങിയവെല്ലാം അപകടമേഖലയിലാണ്. ഏഷ്യക്ക് പുറമേ ആഫ്രിക്കയിലും യൂറോപ്പിന്റെ സ്‌പെയിനും ഇറ്റലിയും ഉള്‍പ്പെടുന്ന ഭാഗവും അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ ന്യൂയോര്‍ക്ക്, മിയാമി പ്രദേശങ്ങളും ചൈനീസ് ബഹിരാകാശ നിലയം വീഴാവുന്ന പ്രദേശങ്ങളില്‍ പെടുന്നു.

Advertising
Advertising

നിയന്ത്രണം നഷ്ടമായതിനാല്‍ തന്നെ അതേസമയം എവിടെയാണ് ചൈനീസ് ബഹിരാകാശ നിലയംവീഴുകയെന്ന് കൃത്യമായി പ്രവചിക്കാനാവില്ലെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ വിശദീകരണം. പ്രദേശം മാത്രമല്ല ദിവസമോ സമയമോ മുന്‍കൂട്ടി പ്രവചിക്കാനാവില്ലെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. നേരത്തെയും മനുഷ്യ നിര്‍മ്മിത സാറ്റലൈറ്റുകളും മറ്റും ബഹിരാകാശത്തു നിന്നും ഭൂമിയിലേക്ക് തകര്‍ന്നു വീണിട്ടുണ്ടെങ്കിലും ഇതുവരെ മനുഷ്യര്‍ക്ക് അപകടം സംഭവിച്ചിട്ടില്ല.

സ്വര്‍ഗത്തിലെ കൊട്ടാരം എന്ന് ചൈനീസ് ഭാഷയില്‍ അര്‍ഥം വരുന്ന ടിയാങ്‌ഗോങ് 1 ന് 12 മീറ്റര്‍ നീളവും 3.3 മീറ്റര്‍ വ്യാസവുമാണുള്ളത്. 8506 കിലോഗ്രാമാണ് ടിയാങ്‌ഗോങ് 1ന്റെ ഭാരം. ഭൂമിയില്‍ നിന്നും 300 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണം ചെയ്തിരുന്ന ടിയാങ്‌ഗോങ് 1നെ 2013 മുതല്‍ ചൈന ഉപേക്ഷിച്ചിരുന്നു. 2016 മുതല്‍ ഈ ബഹിരാകാശ നിലയവുമായുള്ള എല്ലാവിധ നിയന്ത്രണങ്ങളും ചൈനക്ക് നഷ്ടമാവുകയും ചെയ്തു. ഈ പരീക്ഷണ ബഹിരാകാശ നിലയത്തിന്റെ 100 കിലോഗ്രാമോളം അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നാണ് കരുതുന്നത്.

ബഹിരാകാശ രംഗത്തെ മത്സരത്തിന്റെ ഭാഗമായാണ് 2011ല്‍ ചൈന ആദ്യ ആളില്ലാ ബഹിരാകാശ നിലയമായ ടിയാങ്‌ഗോങ് 1 വിക്ഷേപിക്കുന്നത്. രണ്ടര വര്‍ഷം കാലാവധിയുണ്ടായിരുന്ന നിലയം നാലര വര്‍ഷം പ്രവര്‍ത്തിച്ചുവെന്നാണ് ചൈനീസ് അധികൃതര്‍ അവകാശപ്പെടുന്നത്. 2016 മാര്‍ച്ചില്‍ ചൈന ഈ സ്വര്‍ഗത്തിലെ കൊട്ടാരത്തെ ഡീ കമ്മീഷന്‍ ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് 1979ല്‍ അമേരിക്കയുടെ ആദ്യ ബഹിരാകാശ നിലയം സ്‌കൈലാബും സമാനമായ ഭീതി സൃഷ്ടിച്ചശേഷം ഭൂമിയിലേക്ക് തകര്‍ന്നു വീണിരുന്നു. പ്രതീക്ഷകള്‍ തെറ്റിച്ച് ഭൗമോപരിതലത്തിന് വെറും 16 കിലോമീറ്റര്‍ മുകളില്‍ വച്ചാണ് സ്‌കൈലാബിന്റെ ഭാഗങ്ങള്‍ വേര്‍പിരിഞ്ഞത്. ചൂടും റേഡിയേഷനുമൊക്കെ പ്രതിരോധിക്കുന്ന വിധത്തില്‍ നിര്‍മ്മിക്കുന്നതാണ് ബഹിരാകാശ നിലയങ്ങളെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News