രക്ഷാദൌത്യം വിജയകരം; തായ്‍ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചു

തായ്‍ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ മുഴുവന്‍ ഫുട്ബോള്‍ ടീം അംഗങ്ങളെയും പുറത്തെത്തിച്ചു. 12 കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയുമാണ് രക്ഷിച്ചത്.

Update: 2018-07-10 14:19 GMT
Advertising

തായ്‍ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ 13 പേരെയും പുറത്തെത്തിച്ചു. മൂന്ന് നാള്‍ നീണ്ട അതീവ സങ്കീര്‍ണമായ രക്ഷാദൌത്യമാണ് ഇന്ന് അവസാനിച്ചത്. 13 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതീക്ഷ വിടാതെ ലോകം കാതോര്‍ത്തിരുന്ന ആ വാര്‍ത്ത ഇന്ന് വൈകിട്ടാണെത്തിയത്. പ്രാദേശിക സമയം വൈകിട്ട് 6.40ന് അവസാനത്തെ ആളെയും ഗുഹക്ക് പുറത്തെത്തിച്ചു. അഞ്ച് പേരെയാണ് ഇന്ന് സാഹസികമായി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 8 പേരെ രക്ഷിച്ചിരുന്നു.

12 കുട്ടികളും ഫുട്ബോള്‍ കോച്ചും കഴിഞ്ഞ മാസം 23നാണ് ഗുഹയില്‍ കുടുങ്ങിയത്. സാഹസിക യാത്രയുടെ ഭാഗമായി ഗുഹയില്‍ കയറിയ 13 അംഗ സംഘം കനത്ത മഴയെ തുടര്‍ന്നാണ് ഗുഹയിലകപ്പെട്ടത്. 10 ദിവസത്തിന് ശേഷമാണ് ഇവര്‍ ഗുഹയില്‍ കുടുങ്ങിയെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ രക്ഷാസേനകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇടുങ്ങിയ ഗുഹാ വഴിയിലൂടെ ഡൈവര്‍മാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

ഒരാളെ പുറത്തെത്തിക്കാന്‍ എട്ട് മണിക്കൂറോളം സമയമെടുത്തു. രക്ഷപ്പെട്ടവര്‍ക്ക് വലിയ പരിക്കുകളില്ല. ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം കുട്ടികളെ വീട്ടിലേക്കയക്കും. നേരത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഓക്സിജന്‍ തീര്‍ന്ന് തായ് നാവിക സേനാംഗം സമന്‍ പുനന്‍ മരിച്ചു.

Tags:    

Similar News