അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കണമെന്ന് ട്രംപ്

അന്വേഷണം നടത്തുന്ന റോബര്‍ട്ട് മുള്ളര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്ന് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനോട് ട്രംപ് ആവശ്യപ്പെട്ടു

Update: 2018-08-02 03:16 GMT

അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അന്വേഷണം നടത്തുന്ന റോബര്‍ട്ട് മുള്ളര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്ന് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനോട് ട്രംപ് ആവശ്യപ്പെട്ടു.

2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനായി റഷ്യ ഇടപെട്ടെന്ന ആരോപണം അന്വേഷിക്കുന്നത് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആണ്. റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിനെതിരെ പലതവണ ട്രംപ് രംഗത്തെത്തിയിരുന്നു. റഷ്യയുമായി ട്രംപിന്റെ പ്രചാരണ വിഭാഗം സഹകരിച്ചത് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. രാജ്യത്തിന്റെ പേര് മോശമാക്കുന്നതിന് മുന്‍പ് ഈ വേട്ടയാടല്‍ അവസാനിപ്പിക്കണം . ഇതുസംബന്ധിച്ച നിര്‍ദ്ദേശം റോബര്‍ട്ട് മുള്ളര്‍ക്ക് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് നല്‍കണമെന്നാണ് ട്രംപിന്റെ ട്വീറ്റ്. ട്രംപിന്റെ മുന്‍ പ്രചാരണവിഭാഗം മാനേജര്‍ പോള്‍ മാന്‍ഫോര്‍ട്ടിനെതിരെ സാമ്പത്തിക തിരിമറിക്കേസില്‍ മുള്ളര്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിച്ച പശ്ചാത്തലത്തിലാണ് ട്രംപിന്റെ ട്വീറ്റ്.

Advertising
Advertising

മാന്‍ഫോര്‍ട്ടിന്റെ വിചാരണ ഇന്നലെയാണ് ആരംഭിച്ചത്. ട്രംപിന്റെ ട്വീറ്റിനെ കുറിച്ച് ജെഫ് സെഷന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്രംപും കുടുംബവും പ്രചരണവിഭാഗവും ഉള്‍പ്പെട്ട കേസാണിതെന്നും നീതി നിര്‍വഹണം തടസ്സപ്പെടുത്താനാണ് പ്രസിഡന്റ് ശ്രമിക്കുന്നതെന്നും യു.എസ് പ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് അംഗം ആഡം ഷിഫ് ആരോപിച്ചു. ഇത് ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ട്രംപിന്റെ ട്വീറ്റ് ജെഫ് സെഷന്‍സിനുള്ള നിര്‍ദ്ദേശമല്ലെന്ന് വൈറ്റ് ഹൌസ് പ്രതികരിച്ചു. അത് പ്രസിഡന്റിന്റെ അഭിപ്രായമാണെന്നും വൈറ്റ്ഹൌസ് പ്രസ് സെക്രട്ടറി സാരാ സാന്‍ഡേഴ്സ് പറഞ്ഞു.

Tags:    

Similar News