ട്രംപിന്റെ ഭീഷണി വകവെക്കാതെ ഇറാന്‍

മറ്റ് രാജ്യങ്ങള്‍ ഇറാനുമായി വാണിജ്യബന്ധത്തില്‍ ഏര്‍പ്പെടുന്നതിനേയും അമേരിക്ക വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന് ശക്തമായ മറുപടിയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്തെത്തിയിരിക്കുന്നത്.

Update: 2018-08-09 02:57 GMT
Advertising

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ വകവെക്കാതെ ഇറാന്‍. ഉപരോധം ഏര്‍പ്പെടുത്തിയാലും എണ്ണ കയറ്റുമതി തുടരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. അമേരിക്കന്‍ ഉപരോധത്തിന്റെ പ്രത്യാഘാതം അവര്‍ അനുഭവിക്കുമെന്നും റൂഹാനി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസമാണ് ഇറാനുമേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. മറ്റ് രാജ്യങ്ങള്‍ ഇറാനുമായി വാണിജ്യബന്ധത്തില്‍ ഏര്‍പ്പെടുന്നതിനേയും അമേരിക്ക വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന് ശക്തമായ മറുപടിയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രംഗത്തെത്തിയിരിക്കുന്നത്. യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയാലും എണ്ണ കയറ്റുമതി തുടരുമെന്ന് റൂഹാനി പറഞ്ഞു. അമേരിക്കക്കാര്‍ ലളിതവും അസാധ്യവുമായ ആ ആശയം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിന്റെ പ്രത്യാഘാതം അവര്‍ അറിയുമെന്നും റൂഹാനി മുന്നറിയിപ്പ് നല്‍കി.

എണ്ണയും മറ്റ് ഉത്പന്നങ്ങളും ഇറാന്‍ കയറ്റുമതി ചെയ്യില്ലെന്ന് അവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കില്ല. ഇതിന് മുമ്പ് അമേരിക്കയുടെ ഇറാന്‍ വിരുദ്ധപ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ പ്രധാനകപ്പല്‍ ഗതാഗത ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെടുത്തുമെന്ന് ഭീഷണിയുയര്‍ത്തിയിരുന്നു. അത്തരത്തിലുള്ള നീക്കങ്ങള്‍ ഇത്തവണ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇന്നലെ ഉത്തരകൊറിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ റൂഹാനി യുഎസ് സത്യസന്ധമല്ലെന്നും അവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും മുന്നറിയിപ്പ് നല്‍കി.

ഇറാനുമേലുള്ള ഉപരോധം അസാധാരണവും അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നും കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഉത്തരകൊറിയന്‍ പ്രതിനിധി റിയോങ്‌ഹോ പറഞ്ഞു. ആണവപരീക്ഷണങ്ങള്‍ നടത്തിയ ഉത്തരകൊറിയക്ക് മേല്‍ അമേരിക്കയും ഐക്യരാഷ്ട്രസഭയും ഏര്‍പ്പെടുത്തിയ ഉപരോധം തുടരുകയാണ്. റഷ്യ, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ യുഎസ് ഉപരോധം അംഗീകരിക്കില്ലെന്നും ഇറാനുമായി വാണിജ്യബന്ധം തുടരുമെന്നും ഇവര്‍ വ്യക്തമാക്കി.

Tags:    

Similar News