മാലിദ്വീപില്‍ സ്വാലിഹ് പ്രസിഡന്റ്
നിയുക്ത പ്രസിഡന്റ് സ്വാലിഹിനെ പിന്തുണച്ച് മുന്‍ പ്രസിഡന്റുമാരും രംഗത്തെത്തി. അതേസമയം തന്റെ കാലാവധി തീരുന്ന നവംബർ 17ന് അധികാര കൈമാറ്റം നടത്തുമെന്ന് യാമീന് വ്യക്തമാക്കി.
മാലിദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന് ജയം. ഏകാധിപത്യ ഭരണം നടത്തിയ പ്രസിഡന്റ് അബ്ദുള്ള യാമീനെ തോല്‍പ്പിച്ചാണ് സ്വാലിഹ് അധികാരത്തിലെത്തുന്നത്.
ഞായറാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് 58.3ശതമാനം വോട്ടു നേടി. പ്രസിഡന്റ് പദവിയിലിരുന്ന യാമീന് 41.7ശതമാനം വോട്ടാണ് നേടാനായത്. അന്തിമ ഫലപ്രഖ്യാപനത്തിന് ഒരാഴ്ചവരെ സമയം എടുത്തേക്കും. തെരഞ്ഞെടുപ്പ് ഫലത്തില്‍ തൃപ്തി അറിയിച്ച് അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. മൊത്തം വോട്ടര്‍മാരില്‍ 90 ശതമാനവും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു മാലിദ്വീപിലേത്. സ്വാലിഹിന്റെ വിജയ വാര്‍ത്ത വന്നതോടെ ജനങ്ങള്‍ ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങി.
യാമീന്റെ എതിരാളികളിൽ പലരും നാടുകടത്തപ്പെട്ട് വിദേശത്തായിരുന്നു. മറ്റുള്ളവരെ യാമീന് ജയിലിലടച്ചു. നിയുക്ത പ്രസിഡന്റ് സ്വാലിഹിനെ പിന്തുണച്ച് മുന്‍ പ്രസിഡന്റുമാരും രംഗത്തെത്തി. അതേസമയം തന്റെ കാലാവധി തീരുന്ന നവംബർ 17ന് അധികാര കൈമാറ്റം നടത്തുമെന്ന് യാമീന് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് മുന്‍ഗണന നല്‍കുമെന്ന് പ്രതിപക്ഷം നേരത്തെ ഉറപ്പു നല്‍കിയിരുന്നു.