ഇന്‍റര്‍പോള്‍ മേധാവിക്കെതിരെ അഴിമതിക്കേസില്‍ അന്വേഷണം നടക്കുകയാണെന്ന് ചൈന

കൈക്കൂലിയും നിയമലംഘനവുമടക്കമുള്ള ആരോപണങ്ങളാണ് ചൈനയുടെ പൊതുസുരക്ഷാ സഹമന്ത്രികൂടിയായിരുന്ന മെങ്ഹോങ്‍വക്കെതിരെ ചുമത്തിയിരിക്കുന്നത്.

Update: 2018-10-09 01:56 GMT

ചൈനയില്‍ തടവിലായ ഇന്‍റര്‍പോള്‍ മേധാവി മെങ് ഹോങ്‍വക്കെതിരെ അഴിമതിക്കേസില്‍ അന്വേഷണം നടക്കുകയാണെന്ന് ചൈന. ചൈനീസ് സന്ദര്‍ശനത്തിനിടെ കാണാതായ മെങ് ഹോങ്‍വയെ അറസ്റ്റ് ചെയ്തെന്ന് കഴിഞ്ഞ ദിവസമാണ് ചൈന തന്നെ വെളിപ്പെടുത്തിയത്. ഇന്റര്‍പോള്‍ മേധാവി സ്ഥാനം മെങ് ഹോങ്‍വ രാജിവെച്ചതായി കഴിഞ്ഞ ദിവസമാണ് ഇന്റര്‍പോള്‍ ഔദ്യോഗികമായി അറിയിച്ചത്. ഇതിന് പിന്നാലെയാണ് അറസ്റ്റില്‍ വിശദീകരണവുമായി ചൈന എത്തിയത്.

കൈക്കൂലിയും നിയമലംഘനവുമടക്കമുള്ള ആരോപണങ്ങളാണ് ചൈനയുടെ പൊതുസുരക്ഷാ സഹമന്ത്രികൂടിയായിരുന്ന മെങ്ഹോങ്‍വക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ മെങ് ഹോങ്‍വയെ ചോദ്യം ചെയ്ത് വരികയാണെന്നും ചൈന വ്യക്തമാക്കി. സുരക്ഷാ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയാണ് ചൈന അന്വേഷണം നടക്കുന്ന കാര്യം വ്യക്തമാക്കിയത്. ഹോങ്‍വെയ്ക്കൊപ്പം കൈക്കൂലി വാങ്ങിയവര്‍ക്കെതിരെയും അന്വേഷണം നടക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. നിയമത്തിന് മുന്നില്‍ ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്നും നിയമലംഘനം നടത്തുന്നത് ആരായാലും കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം ആരാണ് മെങിനെതിരെ പരാതി നല്‍കിയതെന്നോ, പരാതി എന്താണെന്നോ വ്യക്തമാക്കിയിട്ടില്ല. ചൈനയിലെ ആദ്യത്തെ ഇന്റര്‍പോള്‍ പ്രസിഡന്റാണ് മെങ് ഹോങ്‍വ. മെങിനെ കാണാനില്ലെന്ന് ഭാര്യ ഗ്രേസ് ആണ് ഫ്രഞ്ച് പൊലീസിന് പരാതി നല്‍കിയത്.

Tags:    

Similar News