ഗസ്സയെ ഭീതിയിലാഴ്ത്തി ബ്ലൂ ബേബി സിന്‍ഡ്രോം

ഗര്‍ഭിണികളിലും നവജാത ശിശുക്കളിലുമാണ് ഇത് വ്യാപകമായി കാണുന്നത്

Update: 2018-10-31 08:43 GMT

തുടര്‍ച്ചയായ ഉപരോധങ്ങള്‍ക്കും കൂട്ട കൊലപാതകങ്ങള്‍ക്കും ഒപ്പം ഗസ്സയെ ഭീതിയിലാഴ്ത്തി ബ്ലൂ ബേബി സിന്‍ഡ്രോം. കുടിവെള്ളത്തില്‍ നൈട്രജന്റെ അളവ് ക്രമാതീതമായി കൂടുന്നതും തന്മൂലം രക്തത്തിലേക്ക് ഓക്സിജന്‍ എത്താതിരിക്കുകയും ചെയ്യുന്നത് മരണത്തിന് വരെ കാരണമായേക്കാം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങളും ബോംബേറും മൂലം മലിനമാകുന്ന ഗസ്സയെ ഭീതിയിലാഴ്ത്തിയാണ് ബ്ലൂ ബേബി സിന്‍ഡ്രോം വ്യാപിക്കുന്നത്. രാസായുധങ്ങളില്‍ അടങ്ങിയിരിക്കുന്ന നൈട്രജന്‍ അമിതാളവില്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് മൂലം ഹീമോഗ്ലോബിന്‍റെ സാധാരണ ഘടനയില്‍ മാറ്റം വരികയും മെഥെമോഗ്ലോബിന്‍ ആയി മാറുകയും ചെയ്യുന്നു. ഇത് ശരീരകലകളിലേക്ക് ഓക്സിജന്‍ കലരുന്നതിന് തടസ്സം നില്‍ക്കുകയും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജന്‍ കിട്ടാതാവുകയും അവസാനം മരണത്തിന് വരെ കാരണമാകുകയും ചെയ്യുന്ന ഗുരുതര രോഗമാണ് ബ്ലൂ ബേബി സിന്‍ഡ്രോം. മെഥെമോഗ്ലോബിന്‍റെ അംശം സാധാരണയില്‍ കവിഞ്ഞാല്‍ രക്തത്തിന്റെ നിറം ചുവപ്പില്‍ നിന്നും നീല ആയി മാറും. ഗര്‍ഭിണികളിലും നവജാത ശിശുക്കളിലുമാണ് ഇത് വ്യാപകമായി കാണാറുള്ളത്.

Advertising
Advertising

കൂടാതെ ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ 70 ശതമാനത്തിലധികം ഇ-കോളി ബാക്ടിരിയയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യവിസര്‍ജ്യത്തില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയയാണ് ഇ-കോളി. ഇത് ടൈഫോയ്ഡ്, മ‍ഞ്ഞപ്പിത്തം, ഛര്‍ദ്ദി, രക്തസമ്മര്‍ദ്ദം തുടങ്ങി മാരക രോഗങ്ങള്‍ക്ക് വരെ കാരണമാകുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ഒന്നാണ് ഗസ്സ. സ്വന്തം നാട്ടില്‍ അഭയാര്‍ഥിയായി കഴിയേണ്ടി വരുന്ന ഒരു ജനതയോടുള്ള അവഗണനയാണ് ഇത്തരം നിലപാടുകളിലൂടെ വെളിവാകുന്നത്. നൈട്രജന്‍ അടങ്ങിയ മലിനജലം കടലില്‍ ചേരുന്നതും കുടിവെള്ളം ശുദ്ധീകരിക്കാതെ വിതരണം ചെയ്യുന്നതുമാണ് രോഗം പകര്‍ന്നു പിടിക്കാനുള്ള മുഖ്യ കാരണം. ദിവസത്തില്‍ 20 മണിക്കൂറിലധികം വൈദ്യുതിയില്ലാത്ത ഗസ്സയില്‍ വൈദ്യുതി ഉപയോഗിച്ച് കുടിവെള്ള ശുദ്ധീകരിക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്.

ഏതൊരു ആളുടെയും അടിസ്ഥാന ആവശ്യം പോലെതന്നെ ഗസ്സക്കാരുടെ അടിയന്തിരമായ ആവശ്യവും ശുദ്ധമായ ജലവും വാസയോഗ്യമായ മണ്ണും തന്നെയാണ്. 2020 ഓടു കൂടി ഗസ്സയെ ജനവാസമില്ലാത്ത ഭൂമിയായി മാറ്റുമെന്നുള്ള ഇസ്രയേലിന്റെയും ഇസ്രയേല്‍ അനുകൂല രാഷ്ട്രങ്ങളുടെയും ഭീഷണിയെ ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും ചെയ്തത്. അല്ലാതെ ഗസ്സയുടെ നീറുന്ന പ്രശ്നങ്ങള്‍ ക്രിയാത്മകവും അടിയന്തിരമായും പരിഹരിക്കാനുള്ള നടപടികള്‍ എടുക്കാന്‍ ഇവര്‍ മുന്‍കയ്യെടുക്കുന്നില്ല.

Tags:    

Similar News