ഇറാന്റെ ആയുധ കൈമാറ്റം; ആരോപണവുമായി അമേരിക്ക
യമനിലും അഫ്ഗാനിസ്ഥാനിലും ആയുധങ്ങള്‍ ഇറാന്‍ വിതരണം ചെയ്യുന്നതായി അമേരിക്ക. വിതരണം ചെയ്യുന്നതായി പറയുന്ന ആയുധങ്ങളും അമേരിക്ക പ്രദര്‍ശിപ്പിച്ചു. ഹൂതികളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ നേരത്തെ സൗദി അമേരിക്കക്ക് കൈമാറിയിരുന്നു.
വാഷിങ്ടണില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് അമേരിക്ക ഇറാന്റേതായി കരുതുന്ന ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. സൗദിയിലേക്ക് ഹൂതികള്‍ അയച്ച മിസൈലുകളും പ്രദര്‍ശനത്തില്‍ കാണിച്ചു. യമനിലെ ഇറാന്‍ അനുകൂല വിമത വിഭാഗമാണ് ഹൂതികള്‍. തീവ്രവാദികളാണ് ഹൂതികളെന്നും ഇവര്‍ക്ക് ആയുധമെത്തിക്കുന്നത് ഇറാനാണെന്നും സൗദി സഖ്യസേന പറഞ്ഞിരുന്നു. ഹൂതികളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും പ്രദര്‍ശിപ്പിച്ചു.
അഫ്ഗാനിലേക്കും ഇറാന്‍ ആയുധമെത്തിക്കുന്നതായി അമേരിക്ക ആരോപിക്കുന്നു. തെളിവുകള്‍ ഐക്യരാഷ്ട്ര സഭക്ക് അമേരിക്ക കൈമാറും. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. അമേരിക്ക കെട്ടിച്ചമച്ച തെളിവുകളാണ് നല്‍കുന്നതെന്ന് നേരത്തെ ഇറാന്‍ ആരോപിച്ചിരുന്നു.