ബ്രിട്ടനില്‍ സിറിയന്‍ അഭയാര്‍ഥി ബാലന് നേരെ ആക്രമണം; പ്രതിഷേധം ശക്തമാകുന്നു
സ്കൂള്‍ മൈതാനത്ത് കൂടെ നടന്ന് പോകുന്ന 15കാരന് നേരെ മറ്റൊരാള്‍ ആക്രമണം നടത്തുന്നു. നിലത്ത് വീണ ബാലനെ ഒരാള്‍ മര്‍ദ്ദിക്കുമ്പോള്‍ മറ്റുള്ളവര്‍ മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുന്നു.
ബ്രിട്ടനില്‍ സിറിയന്‍ അഭയാര്‍ഥിയായ ബാലന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ആക്രമണത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞതോടെ കുട്ടിയുടെ കുടുംബത്തെ സഹായിക്കാനുള്ള ധനശേഖരണം 175000 ഡോളര്‍ കവിഞ്ഞു.
ചൊവ്വാഴ്ചയാണ് ആക്രമണത്തിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞത്. സ്കൂള്‍ മൈതാനത്ത് കൂടെ നടന്ന് പോകുന്ന 15കാരന് നേരെ മറ്റൊരാള്‍ ആക്രമണം നടത്തുന്നു. നിലത്ത് വീണ ബാലനെ ഒരാള്‍ മര്‍ദ്ദിക്കുമ്പോള്‍ മറ്റുള്ളവര്‍ മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുന്നു. ബ്രിട്ടനില്‍ ഹഡ്ഡേഴ്സ്ഫില്‍ഡ് നഗരത്തിലെ ആല്‍മോണ്ട്ബറി കമ്മ്യൂണിറ്റി സ്കൂളിലാണ് നിഷ്ഠൂരമായ ഈ സംഭവം നടന്നത്.
അക്രമി ബാലനെ നിലത്ത് വീഴ്ത്തിയ ശേഷം കഴുത്ത് ഞെരിക്കുന്നതും മുഖത്തേക്ക് വെള്ളമൊഴിച്ച് കൊല്ലുമെന്ന് ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തിരിച്ചൊന്നും പ്രതികരിക്കാതെ സിറിയന്‍ ബാലന്‍ നടന്ന് പോകുന്നതായാണ് വീഡിയോ അവസാനിക്കുന്നത്. ഈ സമയമെല്ലാം അക്രമിയും കൂടെയുള്ളവരും അവനെ അധിക്ഷേപിച്ച് ഉറക്കെ സംസാരിക്കുന്നുണ്ടായിരുന്നു.
പിന്നീട് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഏറെ ഭയപ്പെട്ടതായും രാത്രി ഞെട്ടിയുണര്‍ന്ന് കരയുമായിരുന്നെന്നും സിറിയന്‍ ബാലന്‍ പറഞ്ഞിരുന്നു. വിദ്യാര്‍ഥിക്ക് നേരെ നടന്ന വംശീയാക്രമണത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവം നടന്നത് ഒക്ടോബര്‍ 25 നാണെന്നും അന്വേഷണം ആരംഭിച്ചതായും വെസ്റ്റ് യോര്‍ക്ക് ഷെയര്‍ പൊലീസ് അറിയിച്ചു.