അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ആക്രമണം
രാജ്യത്ത് നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് തീരുമാനിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ആക്രമണം. ഹെറാട്ട് പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്.14 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണം 6 മണിക്കൂര്‍ നീണ്ടുനിന്നു. 21 സൈനികരെ ഭീകരര്‍ ബന്ദികളാക്കിയതായാണ് വിവരം. ഷിന്‍ഡാന്‍ഡ് ജില്ലയിലെ 2 സൈനിക ഔട്ട്പോസ്റ്റുകള്‍ വളഞ്ഞാണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പിന്നില്‍ താലിബാന്‍ തന്നെയാണെന്ന് അധികൃതര്‍ പറയുന്നു.
കഴിഞ്ഞയാഴ്ച താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 29 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 17 വര്‍ഷങ്ങളായി അഫ്ഗാനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ താലിബാനെതിരെ പോരാടുകയാണ്. രാജ്യത്ത് നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് തീരുമാനിച്ചിട്ടുണ്ട്. ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം നടക്കുന്ന ചര്‍ച്ചയിലൂടെ അടുത്ത വര്‍ഷം ഏപ്രില്‍ 20ന് മുന്നോടിയായി സമാധാന കരാര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.