ഫ്രാന്‍സില്‍ വീണ്ടും പ്രതിഷേധം തുടരാന്‍ നീക്കം
വര്‍ധിച്ചു വരുന്ന ജീവിത ചെലവിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാണ് ഇവരുടെ നീക്കം
ഫ്രഞ്ച് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് മഞ്ഞക്കുപ്പായക്കാര്‍ എന്നറിയപ്പെടുന്ന പ്രതിഷേധക്കാര്‍ അറിയിച്ചു. വര്‍ധിച്ചു വരുന്ന ജീവിത ചെലവിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാണ് ഇവരുടെ നീക്കം.
മൂന്നു പേരുടെ മരണത്തിനിടയാക്കിയ സ്റ്റാഴ്സ്ബര്‍ഗ് ക്രിസ്ത്മസ് മാര്‍ക്കറ്റിലെ ആക്രമണത്തിന്റെ പശ്ചാതലത്തില്‍ താത്കാലിക വിരാമമിട്ട പ്രതിഷേധങ്ങള്‍ തുടരാന്‍ മഞ്ഞ കുപ്പായക്കാരുടെ തീരുമാനം. ശനിയാഴ്ച പ്രിതിഷേധ റാലി നടത്താനാണ് പ്രതിഷേധക്കാരുടെ തീരുമാനം. തെരുവുകളില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുമെന്നും അവര്‍ അറിയിച്ചു.
ഫ്രാന്‍സില്‍ വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവിനെതിരെ ശനിയാഴ്ച ആയിരങ്ങള്‍ തെരുവുകളില്‍ സംഗമിക്കും. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കറുത്തബാന്റ് അണിഞ്ഞാകും ആളുകള്‍ ശനിയാഴ്ച പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുക എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇമ്മാനുവല്‍ മാക്രോണിന്റെ സര്‍ക്കാര്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ശനിയാഴ്ചത്തെ പരിപാടിയുമായി മുന്നോട്ട് പോകാനാണ് മഞ്ഞകുപ്പായക്കാര്‍ എന്നറിയപ്പെടുന്ന പ്രതിഷേധക്കാര്‍ തീരുമാനിച്ചത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാമത്തെ ശനിയാഴ്ചയും ഫ്രാന്‍സിലെ നഗരങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സാക്ഷിയാകും. ഇതുവരെ ഇവര്‍ നടത്തിയ പ്രതിഷേധങ്ങളെല്ലാം ആക്രമണത്തിലാണ് കലാശിച്ചത്.